'ഭാരതമെന്ന വീട്ടിലെ ഒരു മുറി ആരോ നീക്കം ചെയ്തു, നാളെ നമുക്ക് അത് തിരികെ എടുക്കണം'; പാക് അധീന കശ്മീർ തിരിച്ചുപിടിക്കണമെന്ന് മോഹൻ ഭാഗവത്
text_fieldsന്യൂഡൽഹി: പാക് അധിനിവേശ കശ്മീർ(പി.ഒ.കെ) തിരിച്ചുപിടിക്കണമെന്ന ആവശ്യവുമായി ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ഭാരതം എന്ന വീട്ടിലെ ഒരുമുറിയാണ് പാക് അധിനിവേശ കശ്മീരെന്നും ആ മുറി തിരികെ എടുക്കണമെന്നും ഭാഗവത് പരോക്ഷമായി പറഞ്ഞു.
മധ്യപ്രദേശിലെ സത്‌നയിലെ സിന്ധി ക്യാമ്പിൽ ഒരു ഗുരുദ്വാര ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സംഘ് മേധാവിയുടെ പരാമർശം.
'ഭാരതം മുഴുവൻ ഒരു വീടാണ്, പക്ഷേ നമ്മുടെ മേശ, കസേര, വസ്ത്രങ്ങൾ എന്നിവ സൂക്ഷിച്ചിരുന്ന ഞങ്ങളുടെ വീട്ടിലെ ഒരു മുറി ആരോ നീക്കം ചെയ്‌തു. അവർ അത് കൈവശപ്പെടുത്തിയിരിക്കുന്നു. നാളെ നമുക്ക് അത് തിരികെ എടുക്കണം, അതിനാൽ നമ്മൾ അവിഭക്ത ഇന്ത്യയെ ഓർക്കണം'- പാക് അധീന കശ്മീരിന്റെ പേരെടുത്ത് പറയാതെ മോഹൻ ഭാഗവത് പറഞ്ഞു.
'നിരവധി സിന്ധി സഹോദരന്മാർ ഇവിടെ ഇരിക്കുന്നുണ്ട്. ഞാൻ വളരെ സന്തോഷവാനാണ്. അവർ പാകിസ്താനിലേക്ക് പോയില്ല. അവർ അവിഭക്ത ഇന്ത്യയിലേക്കാണ് പോയത്. ആ വീടും ഈ വീടും വ്യത്യസ്തമല്ലാത്തതിനാൽ സാഹചര്യങ്ങൾ ഞങ്ങളെ ആ വീട്ടിൽ നിന്ന് ഇങ്ങോട്ട് അയച്ചു.'-ആർ.എസ്.എസ് മേധാവി കൂട്ടിച്ചേർത്തു.
നമുക്ക് ഒരു ഭാഷയേയുള്ളൂവെന്നും അതാണ് ഹൃദയത്തിന്റെ ഭാഷയെന്നും നമ്മുടെ ഭാഷ, വസ്ത്രം, സ്തുതിഗീതങ്ങൾ, കെട്ടിടങ്ങൾ, യാത്ര, ഭക്ഷണം എന്നിവ നമുക്ക് വേണമെന്ന് നാം തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നമ്മൾ എല്ലാവരും സനാതനരാണ്, എന്നാൽ ഇംഗ്ലീഷുകാരൻ നമുക്കിടയിൽ ഭിന്നത സൃഷ്ടിച്ചു. ഇനി നമ്മുടെ ഗുരുക്കന്മാർ കാണിച്ച ആത്മീയ കണ്ണാടിയിലൂടെ നാം നമ്മെത്തന്നെ കാണണമെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.
കഴിഞ്ഞ സെപ്റ്റംബർ 22 ന് മന്ത്രി രാജ്‌നാഥ് സിങ്ങും പാക് അധീന കശ്മീരിനെ തിരിച്ചുപിടിക്കുമെന്ന് പറഞ്ഞിരുന്നു. ആക്രമണങ്ങളൊന്നുമില്ലാതെ തന്നെ അതിന്റെ നിയന്ത്രണം ഇന്ത്യ ഏറ്റെടുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ഗാന്ധിയെ പ്രകീർത്തിച്ച് ആർ.എസ്.എസ്
നാഗ്പൂർ: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ പ്രകീർത്തിച്ച് ആർ.എസ്.എസ് തലവൻ മോഹൻ ഭഗവത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജി നൽകിയ സംഭാവന വലുതെന്ന് മോഹൻ ഭാഗവത് പറഞ്ഞു.
വിജയദശമി ദിനത്തിൽ ആർ.എസ്.എസ് ആസ്ഥാനമായ നാഗ്പൂരിൽ സംസാരിക്കവെയാണ് മോഹൻ ഭാഗവത് ഗാന്ധിയെ പ്രകീർത്തിച്ചത്. ഗാന്ധിജിയെ ആദരിക്കുന്നു. ഗാന്ധിജി അനീതിയിൽ നിന്നും അടിച്ചമർത്തലിൽ നിന്നും രക്ഷിച്ചെന്നും ആർ.എസ്.എസ് തലവൻ വ്യക്തമാക്കി.
'മതം ചോദിച്ച ശേഷം 26 ഇന്ത്യൻ പൗരന്മാരെ ഭീകരർ കൊലപ്പെടുത്തി. ഭീകരാക്രമണത്തിനെതിരെ ശക്തമായ നടപടി രാജ്യം സ്വീകരിച്ചു. വേണ്ട തയാറെടുപ്പ് നടത്തി നമ്മുടെ സർക്കാരും സായുധ സേനകളും തിരിച്ചടിച്ചു. സർക്കാറിന്‍റെ നിശ്ചദാർഢ്യവും സേനയുടെ കരുത്തും സമൂഹത്തിന്‍റെ ഐക്യവും മികച്ച അന്തരീക്ഷം രാജ്യത്തെ സൃഷ്ടിച്ചു.
നമ്മൾ തിരിച്ചടിക്ക് പിന്നാലെ വിവിധ രാജ്യങ്ങൾ വഹിച്ച പങ്ക് ഇന്ത്യയുടെ യഥാർഥ സുഹൃത്തുകളെ തിരിച്ചറിയാൻ സാധിച്ചു. രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ഭരണഘടനാവിരുദ്ധ ശക്തികളെ രാജ്യത്തുണ്ട്' -ആർ.എസ്.എസ് തലവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

