ആർ.എസ്.എസും കമ്യൂണിസ്റ്റു പാർട്ടിയും നൂറ് പിന്നിടുമ്പോൾ; എന്തുകൊണ്ട് ആർ.എസ്.എസിനെ വെള്ളപൂശാനാവില്ല -ഡി.രാജ
text_fields1925ലാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയും ആർ.എസ്.എസും സ്ഥാപിതമായത്. ഒന്ന് കാൺപൂരിലും മറ്റൊന്ന് നാഗ്പൂരിലും. രൂപീകൃതമായി നൂറ് വർഷങ്ങൾ പിന്നിടവെ എന്തുകൊണ്ട് ആർ.എസ്.എസിനെ ഭൂതകാലത്തിലും ചരിത്രത്തിലും വെള്ളപൂശാനാവില്ല എന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ ‘ദി ഇന്ത്യൻ എക്സ്പ്രസി’ൽ എഴുതിയ ലേഖനത്തിൽ വിശദീകരിക്കുന്നു. ലേഖനത്തിൽ നിന്നുള്ള ഭാഗം ചുവടെ:
ചരിത്രപരമായും ആശയപരമായും രണ്ടു ധാരകൾ ആയിരുന്നു ആർ.എസ്.എസും കമ്യൂണിസവും. കൊളോണിയൽ വിരുദ്ധ പോരാട്ടത്തിൽ നിന്നാണ് സി.പി.ഐ ഉയർന്നുവന്നത്. സാമ്രാജ്യത്വത്തിനും അടിച്ചമർത്തലിനുമെതിരെ മതം, ജാതി, പ്രദേശം എന്നിവക്ക് അതീതമായി ഇന്ത്യയിലെ തൊഴിലാളിവർഗത്തിന്റെയും കർഷകരുടെയും ഉണർവിനെ അത് പ്രതിനിധീകരിച്ചു. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഒരു ജൈവ ഭാഗമായിരുന്നു അത്. രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമല്ല, സാമൂഹികവും സാമ്പത്തികവുമായ പരിവർത്തനവും അത് ആവശ്യപ്പെട്ടു.
ഇതിനു വിപരീതമായി, ആർ.എസ്.എസ് സ്വാതന്ത്ര്യ സമരത്തിൽ നിന്ന് വിട്ടുനിന്നു. സംഘടനയുടെ സ്ഥാപകൻ കെ.ബി ഹെഡ്‌ഗേവാറും പിന്നീട് അതിന്റെ പ്രത്യയശാസ്ത്രജ്ഞനായ എം.എസ് ഗോൾവാൾക്കറും സ്വാതന്ത്ര്യ പ്രസ്ഥാനത്തെ രാഷ്ട്രീയമായി തള്ളിക്കളഞ്ഞു. പകരം, മതപരമായ പ്രത്യേകതയിലും കർക്കശമായ സാമൂഹിക ശ്രേണിയിലും വേരൂന്നിയ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിലാണ് അത് ശ്രദ്ധ കേന്ദ്രീകരിച്ചത്.
കമ്യൂണിസ്റ്റുകൾ സ്വാതന്ത്ര്യത്തിനായി ആളുകളെ അണിനിരത്തുകയും പലരും ജയിലിലടക്കപ്പെടുകയും രക്തസാക്ഷികളാക്കപ്പെടുകയും ചെയ്തപ്പോൾ, ആർ.എസ്.എസ് രഹസ്യമായി അഭ്യാസങ്ങൾ നടത്തുകയും ജാതിപരമായ വ്യത്യാസങ്ങളെ ശക്തിപ്പെടുത്തുകയും കൊളോണിയൽ ഭരണകൂടത്തോടുള്ള വിശ്വാസ്യതയിൽ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
എന്നാൽ, അതിനെതിരായ സാമൂഹ്യ വ്യവസ്ഥിതിക്കായി സി.പി.എം പ്രവർത്തിച്ചു. 1930കളിലെ തൊഴിലാളി സമരങ്ങൾ മുതൽ തെലങ്കാന, തേഭാഗ സമരങ്ങൾ വരെയും, പുന്നപ്ര-വയലാർ പ്രക്ഷോഭം മുതൽ 1940കളിലെ വിദ്യാർഥി പ്രസ്ഥാനങ്ങൾ വരെയും എല്ലാ പ്രധാന ദേശീയ പ്രക്ഷോഭങ്ങളിലും സി.പി.ഐയുടെ പ്രവർത്തകർ ഭാഗഭാക്കായി. അധികാര കൈമാറ്റത്തിനപ്പുറം അതിന്റെ ദർശനം വ്യാപിച്ചു. ചൂഷണത്തിനും അസമത്വത്തിനും അന്ത്യം കുറിക്കാൻ അവർ പോരാടി.
മറുവശത്ത്, ഇന്ത്യയുടെ വിമോചനത്തിന്റെ ഓരോ നിർണായക നിമിഷത്തിലും ആർ.എസ്.എസ് ഉണ്ടായിരുന്നില്ല. ബഹുസ്വരവും ജനാധിപത്യപരവുമായ ഇന്ത്യ എന്ന ആശയത്തെ അവർ പുച്ഛിച്ചു. സംഘം ഇന്ത്യയുടെ വൈവിധ്യത്തെ ഒരു ശക്തിയായിട്ടല്ല മറിച്ച് ഒരു ബലഹീനതയായാണ് കണ്ടത്.
മതപരമായ സ്വത്വത്തോടുള്ള അതിന്റെ അഭിനിവേശം, ഭിന്നിപ്പിച്ച് ഭരിക്കാനുള്ള കൊളോണിയൽ തന്ത്രത്തിന് സമാനമായിരുന്നു. സാമൂഹിക മാറ്റത്തെക്കുറിച്ചുള്ള അതിന്റെ ഭയം ആധുനികത, സമത്വം, സാമൂഹിക നീതി എന്നിവയാൽ ഭീതിതരാവുന്ന ഉയർന്ന ജാതിക്കാരുടെ ഉത്കണ്ഠകളെ പ്രതിഫലിപ്പിച്ചുവെന്നും ഡി. രാജ തന്റെ ലേഖനത്തിൽ നിരീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

