ആർ.എസ്.എസ് ഇന്ത്യയിലെ സ്ഥാപനങ്ങളെല്ലാം പിടിച്ചടക്കിയെന്ന് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: വർഗീയ, ഫാഷിസ്റ്റ് സംഘടനയായ ആർ.എസ്.എസ്, ഇന്ത്യയിലെ ഭൂരിഭാഗം സ്ഥാപനങ്ങളും കൈയടക്കിയെന്ന് രാഹുൽ ഗാന്ധി. ലണ്ടനിലെ ചാറ്റ്ഹാം ഹൗസിൽ നടത്തിയ അഭിമുഖത്തിലാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ ജനാധിപത്യ മത്സരങ്ങളുടെ സ്വഭാവം പൂർണമായും മാറി. അതിനു കാരണം ആർ.എസ്.എസ് എന്ന വർഗീയ, ഫാഷിസ്റ്റ് സംഘടന, ഇന്ത്യയുടെ ഒരു വിധം സ്ഥാപനങ്ങളെല്ലാം പിടിച്ചടക്കിയതാണ്.
ഇന്ത്യയിൽ ദലിതുകളോടും ആദിവാസികളോടും ന്യൂനപക്ഷങ്ങളോടും എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് കാണാം. അത് കോൺഗ്രസ് ആരോപിക്കുന്നതല്ല. ഇന്ത്യൻ ജനാധിപത്യത്തിൽ ഗുരുതര പ്രശ്നങ്ങളുണ്ടെന്ന് വിദേശ മാധ്യമങ്ങളിൽ എപ്പോഴും ലേഖനങ്ങൾ വരുന്നുണ്ടെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
രാജ്യത്തെ വിവിധ സ്ഥാപനങ്ങൾ അവർ എങ്ങനെ വിജയകരമായി പിടിച്ചെടുത്തു എന്നത് എന്നെ ഞെട്ടിപ്പിക്കുന്നു. മാധ്യമങ്ങൾ, ജുഡീഷ്യറി, പാർലമെന്റ്, തെരഞ്ഞെടുപ്പ് കമീഷൻ എന്നിവയെല്ലാം ഭീഷണിയിലാണ്. അവയെല്ലാം ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ അവരുടെ നിയന്ത്രണത്തിലുമാണ്. - രാഹുൽ ഗാന്ധി വ്യക്തമാക്കി.
അന്വേഷണ ഏജൻസികളെ എങ്ങനെയാണ് അവർ ഉപയോഗിക്കുന്നതെന്ന് നിങ്ങൾക്ക് ഏതൊരു പ്രതിപക്ഷ നേതാവിനോടും ചോദിക്കാം. എന്റെ ഫോൺ ചോർത്തി. നിരവധി പ്രതിപക്ഷ നേതാക്കളുടെ ഫോണുകളിൽ പെഗസസ് ഉണ്ട്. നിരീക്ഷിക്കപ്പെടുന്നുവെന്നും ഫോണുകൾ ചോർത്തുന്നുവെന്നതും സ്ഥിരമായി ഞങ്ങളെ അലട്ടുന്ന പ്രശ്നമാണ്.
കൂടാതെ, പ്രതിപക്ഷാംഗങ്ങൾക്കെതിരെ നിരവധി കേസുകൾ ഉണ്ട്. ക്രിമിനൽ കേസുകൾ ആകാത്ത സംഭവങ്ങൾക്ക് പോലും ക്രിമിനൽ കേസുകൾ എടുത്തിട്ടുണ്ട്. എനിക്കെതിരെ പോലും ഇത്തരത്തിൽ നിരവധി കേസുകളുണ്ട്. ഇതിനെ പ്രതിരോധിക്കാനാണ് ഞങ്ങളുടെ ശ്രമം. ഞങ്ങളാണ് അധികാരത്തിലിരിക്കുന്നതെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല. -രാഹുൽ ഗാന്ധി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

