500 കോടി കൈമാറിയ വിവാദം; ഇ.ഡി അന്വേഷണത്തിന് അമിത് ഷാക്ക് സഞ്ജയ് റാവത്തിന്റെ കത്ത്
text_fieldsഅമിത് ഷാ
ന്യൂഡൽഹി: മറാത്ത സംവരണ പ്രക്ഷോഭ നേതാവ് മനോജ് ജരാംഗെ പാട്ടീൽ 500 കോടി രൂപ സ്വീകരിച്ചെന്ന ആരോപണത്തെ തുടർന്നുണ്ടായ വിവാദത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ശിവസേനാ ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) മഹാരാഷ്ട്ര പൊലീസും ചേർന്ന് ഉന്നതതല അന്വേഷണം നടത്തണമെന്നാണ് രാജ്യസഭാംഗമായ റാവത്തിന്റെ ആവശ്യം.
‘‘500 കോടി രൂപ ആർക്കാണ് നൽകിയത്? അത് ജരാംഗെയിലേക്ക് എത്തിയില്ലെങ്കിൽ എവിടേക്ക് പോയി? പണം എവിടെ നിന്നാണ് വന്നത്?” തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കണമെന്ന് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു. ഇത് ഇ.ഡി കൈകാര്യം ചെയ്യുന്ന പി.എം.എൽ.എ (അനധികൃത പണമിടപാട് തടയൽ നിയമം) കേസിന്റെ ക്ലാസിക് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച മനോജ് ജരാംഗെ പാട്ടീൽ പുറത്തുവിട്ടുവെന്ന് പറയുന്ന ഓഡിയോ സംഭാഷണത്തിൽ, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ മകനും ലോക്സഭാംഗവുമായ ശ്രീകാന്ത് ഷിൻഡെ മുഖേന ജരാംഗെ പാട്ടീലിന് 500 കോടി രൂപ നൽകിയെന്നാണ് ആരോപണം. അതേസമയം, ഏക്നാഥ് ഷിൻഡെയും ശ്രീകാന്ത് ഷിൻഡെയും ആരോപണങ്ങൾ പൂർണമായും നിഷേധിച്ചിട്ടുണ്ട്. താൻ യാതൊരു പണവും സ്വീകരിച്ചിട്ടില്ലെന്ന് മനോജ് ജരാംഗെ പാട്ടീലും വ്യക്തമാക്കി. മറാത്ത പ്രക്ഷോഭത്തെയും സ്വന്തം പ്രവർത്തനങ്ങളെയും അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
അമിത് ഷാക്കയച്ച കത്തിൽ, 2021ൽ തെളിവുകളില്ലാത്ത ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഇ.ഡി വേഗത്തിൽ നടപടിയെടുത്തിരുന്നുവെന്നും, ഇപ്പോൾ ഓഡിയോ ക്ലിപ്പ് വ്യക്തമായ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ഓഡിയോ ക്ലിപ്പ് നിർമിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജരേഖയാണെന്നും, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ അജണ്ടക്ക് സഹായം ചെയ്യാനും മഹായുതി സഖ്യത്തിൽ ഭിന്നത സൃഷ്ടിക്കാനുമാണ് ശ്രമമെന്നും ബി.ജെ.പി ആരോപിച്ചു. എന്നാൽ, ബി.ജെ.പിയിലെ ഒരു എം.എൽ.സിയാണ് ഓഡിയോ ചോർത്തിയതെന്നും പാർട്ടിയിലെ ആഭ്യന്തര വിഭാഗീയതയുടെ ഫലമാണ് വിവാദമെന്നും സഞ്ജയ് റാവത്ത് മറുപടി നൽകി.

