‘370 രൂപയുടെ ബിരിയാണി’ വിവാദം: കോമേഡിയൻ പ്രണീത് മോറിന്റെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു
text_fieldsന്യൂഡൽഹി: ഹാസ്യതാരം പ്രണീത് മോറിനെതിരെ വിവിധയിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്.ഐ.ആറുകൾ ഒന്നിച്ചാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ റിട്ട് ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനും മഹാരാഷ്ട്ര, ഹരിയാന സർക്കാരുകൾക്കും നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
എല്ലാ എഫ്.ഐ.ആറുകളും ഒരേ ആരോപണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പ്രണീത് മോറിന് വേണ്ടി ഹാജരായ കൗൺസിൽ കോടതിയിൽ വ്യക്തമാക്കി.
‘ഞാൻ പരസ്യമായി മാപ്പ് പറഞ്ഞിട്ടുണ്ട്. ദേശീയ വനിതാ കമ്മീഷന് മുന്നിൽ ഞാൻ മാപ്പ് പറയാൻ ശ്രമിച്ചെങ്കിലും അവർ അത് സ്വീകരിച്ചില്ല. ഞാൻ ആ ഷോയുടെ ഹോസ്റ്റ് മാത്രമായിരുന്നു. കാര്യങ്ങളുടെ ഗൗരവം എനിക്ക് മനസ്സിലാവുന്നുണ്ട്. വിചാരണ നേരിടാൻ ഞാൻ തയ്യാറാണ്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് തന്നെ ഞാൻ ആ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു. എന്റെ അനുമതിയില്ലാതെയാണ് പി.ആർ ടീം വീഡിയോ പബ്ലിഷ് ചെയ്തത്. ആ സമയത്ത് ഞാൻ യാത്രയിലായിരുന്നു’-എന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
മുംബൈയിലെ ഒരു ലൈവ് ഷോക്കിടയിൽ ഹിമാൻഷു ജംഗ്റ എന്ന കാണികളുടെ കൂട്ടത്തിലുണ്ടായിരുന്നയാൾ, ഡേറ്റിംഗിനിടയിൽ ചിക്കനും ബിരിയാണിക്കുമായി 370 രൂപ ചെലവഴിച്ചതിന് പകരമായി ലൈംഗിക ബന്ധം പ്രതീക്ഷിക്കുന്നതായി അശ്ലീലച്ചുവയോടെ സംസാരിച്ചിരുന്നു. ഈ പരാമർശത്തോടൊപ്പം കോമേഡിയൻ പ്രണീത് മോറും ആൾക്കൂട്ടത്തിനൊപ്പം ചിരിക്കുകയും, അതിന് മറുപടിയായി ‘പീക്ക് ഗുരുഗ്രാം കണ്ടന്റ്’ എന്ന് പ്രതികരിക്കുകയും ചെയ്തത് വലിയതോതിൽ ഓൺലൈൻ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ലൈംഗിക സമ്മതത്തെ നിസ്സാരവൽക്കരിക്കുന്നുവെന്നാരോപിച്ച് വലിയ പ്രതിഷേധമാണ് ഇവർക്കെതിരെ ഉയർന്നത്.
ഈ സംഭവത്തിൽ ഹിമാൻഷു ജംഗ്റക്ക് ജോലി നഷ്ടപ്പെടുകയും, മഹാരാഷ്ട്ര സൈബർ പൊലീസ് പ്രണീത് മോറിനും ജംഗ്റക്കുമെതിരെയും മറ്റൊരാൾക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളായ 75 (ലൈംഗികാതിക്രമം), 294 (അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ), 353 (പൊതുവിപത്ത്), 354 (ദൈവിക കോപത്തെക്കുറിച്ച് ഭീതി പരത്തി നിർബന്ധിതമാക്കൽ) എന്നിവയും ഐ.ടി ആക്ടിന്റെ സെക്ഷൻ 67ഉം ഉൾപ്പെടുത്തിയാണ് കേസെടുത്തിട്ടുള്ളത്.
തുടർന്ന് ദേശീയ വനിതാ കമ്മീഷൻ പ്രണീത് മോറിന് സമൻസ് അയച്ചു. ഇതിനുപിന്നാലെ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ മാപ്പ് ചോദിച്ചുകൊണ്ട് വീഡിയോ പങ്കുവെക്കുകയും താൻ ഈ വിദ്വേഷം അർഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
അതിനിടെ ‘ഗയാൽ’ എന്ന പേരിൽ പുതിയ ടൂറുമായി സ്റ്റാൻറ്-അപ്പ് കോമഡി രംഗത്തേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രണീത് മോർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

