തിരുപ്പതി ക്ഷേത്രത്തിൽ ലഡു പ്രസാദം നിർമിക്കാൻ എത്തിച്ചത് മായം കലർന്ന നെയ്യ്; 250.80 കോടി തട്ടിയതായി കണ്ടെത്തൽ
text_fieldsഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിലെ പ്രശസ്തമായ ലഡു പ്രസാദം തയ്യാറാക്കുന്നതിനായി വിതരണം ചെയ്തത് മായം ചേർത്ത നെയ്യെന്ന് കണ്ടെത്തൽ. 2019 നും 2024 നും ഇടയിൽ 250.80 കോടി രൂപയുടെ കൃത്രിമ നെയ്യ് ഇത്തരത്തിൽ എത്തിച്ചിരുന്നതായി പ്രസാദത്തിൽ മായം ചേർക്കുന്നത് അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കണ്ടെത്തി.
സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് എസ്.ഐ.ടി രൂപീകരിച്ചത്. ഭോലെ ബാബ ഓർഗാനിക് ഡയറി മിൽക്ക് പ്രൈവറ്റ് ലിമിറ്റഡും അനുബന്ധ സ്ഥാപനങ്ങളായ വൈഷ്ണവി ഡയറി സ്പെഷ്യാലിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ്, മാൽഗംഗ മിൽക്ക് ആൻഡ് അഗ്രോ പ്രോഡക്‌ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്, എ.ആർ ഡയറി ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരും ചേർന്നാണ് മായം ചേർത്ത നെയ്യ് വിതരണം ചെയ്തതെന്ന് എസ്.ഐ.ടി ഉദ്യോഗസ്ഥർ പറഞ്ഞു.
ഉത്തരാഖണ്ഡിലെ റൂർക്കിക്ക് സമീപം ഭഗവാൻപൂരിലെ ഒരു പ്ലാന്റിൽ വെച്ചാൽ പാം ഓയിൽ, പാം കേർണൽ ഓയിൽ, പാമോലിൻ എന്നിവയടക്കം ചേർത്ത് കൃത്രിമ നെയ്യ് നിർമിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബീറ്റാ കരോട്ടിൻ, അസറ്റിക് ആസിഡ് എസ്റ്റർ, നെയ്യ് ഫ്ലേവർ എന്നിവയുൾപ്പെടെ മറ്റ് രാസവസ്തുക്കളോടൊപ്പം കുറഞ്ഞ അളവിൽ നെയ്യ് കലർത്തിയാണ് കൃത്രിമ നെയ്യ് തയ്യാറാക്കിയിരുന്നത്.
ഇതുമായി ബന്ധപ്പെട്ട കേസിൽ ഭോലെ ബാബ ഡയറി ഡയറക്ടർമാരായ പോമിൽ ജെയിൻ, വിപിൻ ജെയിൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
തിരുമല ലഡു പോലും നിലവാരമില്ലാത്ത ചേരുവകൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നതെന്നും നെയ്ക്ക് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്നും അമരാവതിയിൽ നടന്ന എൻ.ഡി.എ യോഗത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ആരോപിച്ചതോടെയാണ് സംഭവം ദേശീയ തലത്തിൽ ചർച്ചയായിരുന്നു. എന്നാൽ പിന്നീട് എസ്.ഐ.ടിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ കൃത്രിമ നെയ്യിൽ ഉപയോഗിച്ചത് സസ്യ അധിഷ്ഠിത ചേരുവകളാണെന്ന് കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

