ജയിൽ അധികൃതർക്ക് കൈക്കൂലി നൽകിയെന്ന് കണ്ടെത്തിയതിന് രൂപക്കെതിരെ മാനനഷ്ടക്കേസ്
text_fieldsബംഗളൂരു: അണ്ണാ ഡി.എം.കെ നേതാവ് ശശികല കൈക്കൂലി നൽകി ജയിലിൽ അനധികൃതമായി സൗകര്യങ്ങൾ നേടിയെടുത്തുവെന്ന് റിപ്പോർട്ട് ചെയ്ത പൊലീസ് ഓഫിസർ ഡി. രൂപക്കെതിരെ മാനനഷ്ടക്കേസ്. ഡി.ജി.പി എച്ച്. എൻ. സത്യനാരായണ റാവുവാണ് രൂപക്കെതിരെ 20 ലക്ഷം രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്. രൂപയുടെ റിപ്പോർട്ട് തന്നെ അഴിമതിയുടെ നിഴലിൽ കൊണ്ടുവന്നിരിക്കുകയാണെന്നാണ് ഉദ്യോഗസ്ഥന്‍റെ ആരോപണം.
ജൂലൈയിൽ ജയിൽ ഡി.ജി.പി എച്ച്. എൻ. സത്യനാരായണ റാവുവിന് നൽകിയ റിപ്പോർട്ടിലാണ് അഴിമതി നടന്നതായി രൂപ പറയുന്നത്. ജയിലിൽ വി.ഐ.പി സൗകര്യങ്ങൾ ലഭിക്കുന്നതിനായി ശശികല രണ്ട് കോടി രൂപ ജയിൽ അധികൃതർക്ക് നൽകിയെന്നാണ് ആരോപണം. ഇത് തനിക്ക് മാനഹാനി ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് റാവു മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
രൂപയുടെ ആരോപണങ്ങളെ റാവു പൂർണമായും തള്ളിക്കളഞ്ഞു. ആ റിപ്പോർട്ട് മുഴുവൻ തെറ്റാണ്. അടിസ്ഥാനരഹിതമാണ്. ഇതിനെതിരെ നിയമപരമായ മാർഗം സ്വീകരിക്കും-റാവു പറഞ്ഞു.
ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ അണ്ണാ ഡി.എം.കെ നേതാവ് ശശികല സ്വൈരമായി വിഹരിക്കുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ജയിലിലെ വേഷം ധരിക്കാതെ സൽവാർ ധരിച്ച് ജയിലിലെ അന്തേവാസികളോട് സംസാരിക്കുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.
റിപ്പോർട്ടിലെ വിവരങ്ങൾ രൂപ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതായും റാവു ആരോപിക്കുന്നു. രൂപക്ക് പുറമെ ഒരു കന്നഡ ചാനലിനെതിരെയും ഇംഗ്ളീഷ് ദിനപ്പത്രത്തിനെതിരെയും കേസ് ഫയൽ ചെയ്തിട്ടുണ്ടെന്ന് റാവുവിന്‍റെ അഭിഭാഷകൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
