മോശമായി മുടിവെട്ടി; മോഡലിന് രണ്ട് കോടി നഷ്ടപരിഹാരം വിധിച്ചത് അമിതമെന്ന് സുപ്രീംകോടതി, പുന:പരിശോധന
text_fieldsന്യൂഡൽഹി: തെറ്റായ രീതിയിൽ മുടിവെട്ടിയെന്ന മോഡലിന്‍റെ പരാതിയിൽ രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമീഷന്‍റെ നടപടി പുന:പരിശോധിക്കാൻ നിർദേശിച്ച് സുപ്രീംകോടതി. രണ്ട് കോടി രൂപ നഷ്ടപരിഹാരം അമിതമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉപഭോക്താവിന്‍റെ വാദങ്ങൾ മാത്രം പരിഗണിച്ച് തീരുമാനമെടുക്കരുതെന്നും കോടതി പറഞ്ഞു.
മോഡലിങ്ങിലും പരസ്യ മേഖലയിലുമുള്ള ഒരാളുടെ ജീവിതത്തിൽ മുടിക്കുള്ള പ്രാധാന്യത്തെ കുറിച്ച് ഉപഭോക്തൃ കമീഷൻ ചർച്ചചെയ്തിട്ടുണ്ട്. എന്നാൽ, നഷ്ടപരിഹാരം തീരുമാനിക്കേണ്ടത് വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലായിരിക്കണം, അല്ലാതെ ഉപഭോക്താവിന്‍റെ വാദങ്ങൾ മാത്രം പരിഗണിച്ചാവരുത് -കോടതി ചൂണ്ടിക്കാട്ടി.
അഷ്ന റോയ് എന്ന മോഡലാണ് രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നൽകിയത്. ആവശ്യപ്പെട്ടതിലും അധികം മുടിമുറിച്ചത് കരിയറിൽ അവസരങ്ങൾ നഷ്ടമാക്കിയെന്നും മുടി വളരുന്നതിന് നൽകിയ ചികിത്സയിൽ പിഴവുകൾ സംഭവിച്ചുവെന്നും കാണിച്ച് ആഡംബര ഹോട്ടൽ ശൃംഖലയായ ഐ.ടി.സി മൗര്യക്കെതിരെയായിരുന്നു പരാതി.
2018 ഏപ്രിൽ 12നാണ് കേസിനാസ്പദമായ സംഭവം. ഒരു അഭിമുഖത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി മുടിയുടെ നീളം കുറക്കാൻ വേണ്ടിയാണ് യുവതി ഹോട്ടലിലെത്തിയത്. മോഡലിന്റെ മുടി സ്ഥിരമായി മുറിക്കുന്ന സ്റ്റൈലിസ്റ്റിനെ ലഭ്യമല്ലെന്നും പകരം മറ്റൊരാളെ നൽകാമെന്നും സലൂൺ അധികൃതർ അറിയിച്ചു. പകരമായി നൽകിയ ജീവനക്കാരിയുടെ സേവനത്തിൽ യുവതി നേരത്തേ പരാതി ഉന്നയിച്ചിരുന്നു. അക്കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ ജീവനക്കാരി ജോലിയിൽ മെച്ചപ്പെട്ടുവെന്നായിരുന്നു സലൂൺ മാനേജരുടെ മറുപടി.
തുടർന്ന് മുടി മുറിക്കാൻ ജീവനക്കാരിക്ക് യുവതി അനുമതി നൽകി. മുടി എങ്ങനെ മുറിക്കണമെന്നത് സംബന്ധിച്ച് യുവതി ജീവനക്കാരിക്ക് കൃത്യമായി നിർദേശം നൽകി. മുടി നാലിഞ്ച് വെട്ടാനും പറഞ്ഞു. എന്നാൽ ഇതിന് വിപരീതമായി വെറും നാലിഞ്ച് മാത്രം ബാക്കിവെച്ച് മുടി മുറിക്കുകയായിരുന്നു. ഇതോടെ കഷ്ടിച്ച് തോളൊപ്പമായി മുടിയുടെ നീളം. മുടി മുറിച്ചതിലെ അപാകതയെക്കുറിച്ച് സലൂൺ മാനേജരോട് യുവതി പരാതിപ്പെട്ടതിനെ തുടർന്ന് അവർക്ക് സൗജന്യമായി മുടി ചികിത്സ വാഗ്ദാനം ചെയ്തു. തുടർന്ന് നടത്തിയ ചികിത്സയിൽ മുടി കൂടുതൽ കേടായി. ചികിത്സക്ക് ഉപയോഗിച്ച രാസവസ്തു കാരണം തലയോട്ടിയിലെ ചർമം കരിയുകയും തലയോട്ടിയിൽ ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്തുവെന്നും പരാതിയിൽ പറഞ്ഞിരുന്നു.
തുടർന്ന് 2021 സെപ്റ്റംബറിലാണ് മോഡലിന് രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകാൻ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ വിധിച്ചത്. ഇതാണ് ഇപ്പോൾ പുന:പരിശോധിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

