മധ്യപ്രദേശിലെ അർബുദ ഗവേഷണ കേന്ദ്രം ചാണകവും പശുമൂത്രവും വാങ്ങാൻ ചെലവിട്ടത് 1.92 കോടി; വൻ അഴിമതിയുടെ വിവരങ്ങൾ പുറത്ത്
text_fieldsഭോപ്പാൽ: മധ്യപ്രദേശിൽ സർക്കാർ ഫണ്ട് നൽകുന്ന അർബുദഗവേഷണ കേന്ദ്രത്തിൽ നടന്ന വൻ അഴിമതിയുടെ വിവരങ്ങൾ പുറത്ത്. മധ്യപ്രദേശിലെ നാൻജി ദേശ്മുഖ് വെറ്റിറിനറി സയൻസ് യൂനിവേഴ്സിറ്റിയിലെ അഴിമതിയുടെ വിവരങ്ങളാണ് പുറത്ത് വന്നത്. 2011 മുതൽ 2018 വരെയുള്ള കാലയളവിൽ ചാണകവും പശുമൂത്രവും വാങ്ങാൻ 1.92 കോടി രൂപ യുനിവേഴ്സിറ്റി ചെലവഴിച്ചുവെന്നാണ് കണക്ക്. വിപണിയിൽ 20 ലക്ഷം രൂപ വരുന്ന സാധനങ്ങളാണ് 1.92 കോടി രൂപക്ക് വാങ്ങിയത്.
2011 ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറാണ് ഗവേഷണ കേന്ദ്രം സ്ഥാപിച്ചത്. പഞ്ചഗവ്യം ഉപയോഗിച്ച് ഗുരുതരമായ അസുഖങ്ങൾ എങ്ങനെ മാറ്റാമെന്നത് സംബന്ധിച്ചായിരുന്നു ഗവേഷണം. പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ചാണ് പഞ്ചഗവ്യം തയാറാക്കുന്നത്. ഗവേഷണത്തിനായി എട്ട് കോടി രൂപയാണ് യുനിവേഴ്സിറ്റി ആവശ്യപ്പെട്ടതെങ്കിലും 3.5 കോടി രൂപയാണ് അനുവദിച്ചത്.
ഇപ്പോൾ ജബൽപൂർ അഡീഷണൽ കലക്ടർ രഘുവർ മാർവി നടത്തിയ അന്വേഷണത്തിൽ 2011 മുതൽ 2018 വരെയുളള കാലയളവിൽ ചാണകവും പശുമൂത്രവും ഇത് സൂക്ഷിക്കുന്നതിനുള്ള പാത്രങ്ങളും വാങ്ങാനായി യൂനിവേഴ്സിറ്റി 1.92 കോടി രൂപ ചെലവഴിച്ചതായി കണ്ടെത്തിയത്. ഇതിന് പുറമേ വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് ഇവർ 24 തവണ യാത്ര നടത്തിയെന്നും കണ്ടെത്തി. ബംഗളൂരു, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്കായിരുന്നു യാത്ര.
ഗോവ യാത്രക്കിടെ 7.5 ലക്ഷം രൂപ മുടക്കി കാർ വാങ്ങുകയും ചെയ്തു. കാറിന്റെ ഇന്ധനത്തിനും മറ്റ് ചെലവുകൾക്കുമായി 3.5 ലക്ഷം രൂപയും നൽകി. ഓഫീസിലെ വിവിധ ഉൽപന്നങ്ങൾ വാങ്ങുന്നതിനായി 15 ലക്ഷം രൂപയും ചെലവഴിച്ചുവെന്നാണ് കണ്ടെത്തൽ. അതേസമയം, എല്ലാ നിയമങ്ങളും പാലിച്ചാണ് ഗവേഷണം നടത്തിയതെന്ന് യുനിവേഴ്സിറ്റി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

