ഗുജറാത്ത് തീരത്ത് കപ്പലിൽ നിന്ന് 1000 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി
text_fieldsഗാന്ധിനഗർ: ഗുജറാത്ത് ആന്റി-ടെററിസം സ്ക്വാഡും ഇന്ത്യൻ കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ മയക്കുമരുന്ന് വിരുദ്ധ ഓപ്പറേഷനിൽ കച്ച് തീരത്തുനിന്ന് 1000 കോടി രൂപ വിലമതിക്കുന്ന 100 കിലോയിലധികം കൊക്കെയ്ൻ പിടിച്ചെടുത്തതായി റിപ്പോർട്ട്. പാകിസ്താനിലെ പോർട്ട് ഖാസിമിൽനിന്ന് എത്തിയതായി പറയുന്ന ഒരു യൂറോപ്യൻ കപ്പലിൽനിന്നാണ് സുരക്ഷാ ഏജൻസികൾ കൊക്കെയ്ൻ പിടികൂടിയത്.
ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണന്നും കൊക്കെയ്ൻ വന്ന വഴിയും ലോജിസ്റ്റിക്സ് ശൃംഖലയുമായി ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യയുടെ പടിഞ്ഞാറൻ സമുദ്ര അതിർത്തിയിൽ സമീപകാലത്ത് നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായാണ് ഈ ഓപറേഷനെ അധികൃതർ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്ത് മൂന്നാംതവണയാണ് വലിയ അളവിൽ കൊക്കെയ്ൻ പിടികൂടുന്നത്.
മെയ് 23ന് അഡിസ് അബാബയിൽ നിന്നെത്തിയ ദമ്പതികളെ മുംബൈ വിമാനത്താവളത്തിൽ ചോദ്യം ചെയ്തതിനെത്തുടർന്ന് ഇവരിൽനിന്ന് 1.40 കിലോഗ്രാം കൊക്കെയ്ൻ അടങ്ങിയ 84 കാപ്സൂളുകൾ പിടികൂടിയിരുന്നു. വിഴുങ്ങിയ നിലയിലായിരുന്നു ഈ കാപ്സൂളുകൾ. മെയ് 19ന് അഡിസ് അബാബയിൽനിന്നെത്തിയ ആഫ്രിക്കൻ പുരുഷനെയും സ്ത്രീയെയും വിമാനത്താവളത്തിൽ വെച്ച് ചോദ്യം ചെയ്തതിനെത്തുടർന്ന് 4.25 കോടി രൂപ വിലമതിക്കുന്ന 850 ഗ്രാം കൊക്കെയ്ൻ പിടികൂടിയിരുന്നു. നാലുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

