മുസ്ലിം പള്ളിക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം; ബി.ജെ.പി സ്ഥാനാർഥി വിവാദത്തിൽ
text_fieldsഹൈദരാബാദ്: മുസ്‍ലിം പള്ളിക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം കാണിച്ച ബി.ജെ.പി നേതാവിന്റെ നടപടി വിവാദത്തിൽ. ഹൈദരാബാദ് ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർഥിയായ മാധവി ലതയാണ് മുസ്‍ലിം പള്ളിക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം കാണിച്ചത്. ബുധനാഴ്ച നടന്ന രാമനവമി ഘോഷയാത്രക്കിടെയായിരുന്നു സംഭവം. ഇതിന്റെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്.
വിഡിയോയിൽ മാധവി കൈകൾ മടക്കി മുസ്‍ലിം പള്ളിക്ക് നേരെ അമ്പെയ്യുന്ന രീതിയിലുള്ള ആംഗ്യം കാണിക്കുകയായിരുന്നു. വെള്ളത്തുണി കൊണ്ട് മറച്ച പള്ളിക്ക് നേരെയായിരുന്നു അവർ പ്രതീകാത്മകമായി അമ്പെയ്തത്. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി രംഗത്തെത്തി.
പ്രകോപിപ്പിക്കുന്ന നീക്കങ്ങളാണ് ബി.ജെ.പിയുടേയും ആർ.എസ്.എസിന്റേയും ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് ഉവൈസി പറഞ്ഞു. എനിക്ക് പറയാനുള്ളത് ഇവിടത്തെ യുവാക്കളോടാണ്. ഹൈദരാബാദിലെ സമാധാനം തകർക്കാൻ ബി.ജെ.പിയും ആർ.എസ്.എസും എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾ കണ്ടില്ലേ. ഇതിനെതിരായി വേണം നിങ്ങൾ വോട്ട് ചെയ്യാൻ. ഹൈദരാബാദിലെ ജനങ്ങളെ നശിപ്പിക്കാനാണ് ബി.ജെ.പി ശ്രമം. ഇതാണോ മോദിയുടെ എല്ലാവർക്കും ഒപ്പം എല്ലാവരുടേയും വികസനമെന്ന നയമെന്നും ഉവൈസി ചോദിച്ചു.
അതേസമയം, വിവാദമുണ്ടായതിന് പിന്നാലെ ഇക്കാര്യത്തിൽ പ്രതികരിച്ച് ബി.ജെ.പി സ്ഥാനാർഥി രംഗത്തെത്തി. വിവാദ ആംഗ്യം കാണിക്കുന്ന വിഡിയോ എഡിറ്റ് ചെയ്തതാണെന്നാണ് അവരുടെ ആരോപണം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് അപൂർണ്ണമായ വിഡിയോയാണെന്നും അവർ പറഞ്ഞു. വിഡിയോ ആരുടേയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ ക്ഷമ ചോദിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

