പശുമാംസം കൊണ്ടുപോയെന്ന് ആരോപിച്ച് അജ്മീറിൽ സംഘർഷം; പരിശോധനയിൽ അല്ലെന്ന് തെളിഞ്ഞു
text_fieldsജയ്പൂർ: മോട്ടർസൈക്കിളിൽ നിന്ന് പശുമാംസത്തിന്റെ അവശിഷ്ടങ്ങൾ വീണുവെന്ന് ആരോപിച്ച് അജ്മീറിൽ സംഘർഷം. കിഷൻഗാർഹ് ടൗണിലാണ് സംഭവം. ബൈക്കിൽ പച്ചക്കറി മാർക്കറ്റിലേക്ക് വരികയായിരുന്നയാളുടെ കൈവശം പശുമാംസമുണ്ടെന്ന് ആരോപിച്ചായിരുന്നു ഒരുസംഘമാളുകൾ സംഘർഷമുണ്ടാക്കിയത്. ആൾക്കൂട്ടം പ്രദേശത്തെ കടകൾ അടപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നുവെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് മഹിപാൽ ചൗധരി പറഞ്ഞു. തുടർന്ന് മാംസം പരിശോധനക്കായി വെറ്റിനറി ആശുപത്രിയിലേക്ക് അയച്ചു. പരിശോധനയിൽ ഇത് പശുമാംസമല്ലെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു.
ബൈക്കിൽ വന്നയാളേയും ഇയാൾക്ക് മാംസം വിറ്റയാളേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. സംഘർഷത്തിനിടെ പൊലീസ് വാഹനത്തിന് കേടുപാടുകൾ ഉണ്ടായെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ജീപ്പ് കേടുവരുത്തിയ സംഭവത്തിൽ 15 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. സർക്കാർ ജീവനക്കാരന്റെ ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞതിനും ഇവർക്കെതിരെ കേസുണ്ട്. ഇതിൽ മൂന്ന് പേർ നിലവിൽ പൊലീസിന്റെ കസ്റ്റഡിയിൽ ഉണ്ടെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

