റോഹ്തക് ഗുസ്തി കേന്ദ്രത്തിലെ വെടിവെപ്പ്; മുഖ്യപ്രതി അറസ്റ്റിൽ
text_fieldsന്യൂഡൽഹി: റോഹ്തകിലെ ഗുസ്തി കേന്ദ്രത്തിൽ വെള്ളിയാഴ്ച നടന്ന വെടി വെപ്പിലെ മുഖ്യ പ്രതിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. സുഖ്വീന്ദർ എന്ന ഗുസ്തി പരിശീലകനെയാണ് ഡൽഹിയിലെ സമായിപൂർ ബദ്ലിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഹരിയാന പൊലീസിൽ നിന്ന് ലഭിച്ച വിവരത്തെത്തുടർന്നായിരുന്നു അറസ്റ്റ്. ഗൊഹാന സ്വദേശിയായ സുഖ്വിന്ദർ സിങ്ങിന് ലൈസൻസുള്ള ആയുധമില്ലെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം റോഹ്തകിലെ ഒരു സ്വകാര്യ കോളജിന് സമീപം മെഹർ സിങ് അഖാദയിലാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കോളജ് ഉദ്യോഗസ്ഥൻ മനോജ് മാലിക്, അദ്ദേഹത്തിഴെൻറ ഭാര്യ സാക്ഷി മാലിക്, ഗുസ്തി പരിശീലകൻ, സതീഷ്, ഒരു വനിത ഗുസ്തി താരം എന്നിവരാണ് കൊല്ലപ്പെട്ടത്. കേസിൽ ഇതുവരെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും മുഖ്യ പ്രതിയെ കണ്ടുകിട്ടിയിരുന്നില്ല.
വ്യക്തിവൈരാഗ്യമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്ന് പൊലീസ് സൂപ്രണ്ട് രാഹുൽ ശർമ പറഞ്ഞു. അറസ്റ്റിലായ സുഖ്വീന്ദർ സിങ് കൊല്ലപ്പെട്ട മനോജ് മാലിക്ക് ജോലി ചെയ്യുന്ന കോളജിലെ ഗുസ്തി പരിശീലകനായിരുന്നു. എന്നാൽ ചില പരാതികൾ ഉയർന്നതോടെ ഇയാളെ മനോജ് മാലിക് ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. ഈ വൈരാഗ്യമാണ് വെടിവെപ്പിൽ കലാശിച്ചത്.

