Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റയ്ഹാൻ വാദ്രയുടെ ചിത്രങ്ങൾ നീക്കിയത് അവസാന നിമിഷം; ബിക്കാനീർ ഹൗസിന്റെ നടപടി ഭീഷണിപ്പെടുത്തലെന്ന് റോബർട്ട് വാദ്ര

text_fields
bookmark_border
റയ്ഹാൻ വാദ്രയുടെ ചിത്രങ്ങൾ നീക്കിയത് അവസാന നിമിഷം; ബിക്കാനീർ ഹൗസിന്റെ നടപടി ഭീഷണിപ്പെടുത്തലെന്ന് റോബർട്ട് വാദ്ര
cancel

ന്യൂഡൽഹി: മകൻ റയ്ഹാൻ വാദ്രയുടെ ചിത്രപ്രദർശനത്തിൽ നിന്ന് ഫോട്ടോകൾ നീക്കിയ ബിക്കാനീർ ഹൗസ് അധികൃതരുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി റോബർട്ട് വാദ്ര. ഉദ്ഘാടനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ചിത്രങ്ങൾ എടുത്തുമാറ്റാൻ ആവശ്യപ്പെട്ടത് മനഃപൂർവമുള്ള ഭീഷണിപ്പെടുത്തലാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വാദ്രയുടെയും മകനായ റയ്ഹാന്റെ 'നോ ഐഡിയ ഈസ് ഫൈനൽ' എന്ന ഫോട്ടോ എക്സിബിഷനാണ് വിവാദത്തിലായത്. ഡൽഹിയിലെ സമീപകാല പ്രതിഷേധങ്ങളുടെയും ദേശീയ പതാക ഉൾപ്പെട്ട ചിത്രങ്ങളും പ്രദർശനത്തിൽ നിന്ന് മാറ്റണമെന്നായിരുന്നു ബിക്കാനീർ ഹൗസിന്റെ ആവശ്യം. ബുധനാഴ്ച പ്രിവ്യൂ നടന്ന പ്രദർശനം വ്യാഴാഴ്ചയാണ് പൊതുജനങ്ങൾക്കായി തുറന്നത്. ആറ് വർഷമായി ബിക്കാനീർ ഹൗസിൽ സ്ഥിരമായി പ്രദർശനം നടത്തുന്നയാളാണ് റയ്ഹാനെന്നും ഇത്തവണയും ഒരാഴ്ച മുൻപ് തന്നെ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുടെ പൂർണമായ പിഡിഎഫ് നൽകി ചട്ടം പാലിച്ചിരുന്നുവെന്നും റോബർട്ട് വാദ്ര ചൂണ്ടിക്കാട്ടി. പരിശോധിക്കാൻ മതിയായ സമയം ഉണ്ടായിട്ടും ഒന്നും പറയാതെ, എല്ലാം കഴിഞ്ഞ് അതിഥികളെ ക്ഷണിച്ചതിന് ശേഷം രാത്രി ഒമ്പതിന് വന്ന് ചിത്രങ്ങൾ എടുത്തുമാറ്റാൻ പറയുന്നതിന്റെ ന്യായം എന്താണെന്നും അദ്ദേഹം ചോദിച്ചു.

ഇത് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും പ്രത്യേക ചിത്രത്തിന് എതിർപ്പുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കേണ്ടതിന് പകരം ഏകദേശം 75 ചിത്രങ്ങൾ, അതായത് മൊത്തം പ്രദർശനത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും, ഒന്നിച്ച് നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടത്. ഇതിന് വ്യക്തമായ കാരണം പോലും നൽകിയില്ലെന്നും റോബർട്ട് വാദ്ര ആരോപിച്ചു. ചോദ്യം ചെയ്യപ്പെട്ട ചിത്രങ്ങൾ തിരിച്ചുവെച്ച് പ്രദർശിപ്പിക്കാതിരിക്കാൻ തയാറാണെന്ന് റയ്ഹാൻ അറിയിച്ചിട്ടും നീക്കം ചെയ്തേ മതിയാകൂ എന്ന നിലപാടിലായിരുന്നു അധികൃതർ. ഒരു രാഷ്ട്രീയ നേതാവിനെയും പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ല റയ്ഹാന്റെ സൃഷ്ടികളെന്നും അദ്ദേഹം വ്യക്തമാക്കി.

വേദി സാധാരണ 11 മണി വരെ ലഭിക്കുമെന്നിരിക്കെ ഒമ്പതിന് തന്നെ ഒഴിയണമെന്നും ഇല്ലെങ്കിൽ ലൈറ്റ് ഓഫ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതായും റോബർട്ട് വാദ്ര പറഞ്ഞു. അതിഥികളുടെ മുന്നിൽ വെച്ച് ഇറങ്ങിപ്പോകാൻ പറഞ്ഞത് വലിയ നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പ്രദർശനത്തിലെ ചില ചിത്രങ്ങൾ ബിക്കാനീർ ഹൗസ് മാനേജ്മെന്റ് സൊസൈറ്റിയുടെ നയങ്ങൾക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയതിനാലാണ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതെന്നാണ് അധികൃതരുടെ വിശദീകരണം. നയത്തിന് അനുസൃതമായ ചിത്രങ്ങൾ ഇപ്പോഴും പ്രദർശനത്തിൽ തുടരുന്നുണ്ടെന്നും അവർ വ്യാഴാഴ്ച ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു. വൈകീട്ട് 3.30 ഓടെയാണ് റയ്ഹാന് നോട്ടീസ് ലഭിച്ചത്. 5 മണിക്ക് മുൻപ് ചിത്രങ്ങൾ മാറ്റിയില്ലെങ്കിൽ പ്രദർശനം റദ്ദാക്കുമെന്നായിരുന്നു അന്തിമ മുന്നറിയിപ്പ്.

നടപടി പരിഹാസ്യമാണെന്നും യുവ കലാകാരന്മാരുടെ ശബ്ദം അടിച്ചമർത്താനുള്ള ശ്രമമാണിതെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ഇന്ന് അവനാണെങ്കിൽ നാളെ മറ്റൊരു കലാകാരനായിരിക്കുമെന്നും അവർ പറഞ്ഞു. "നീ സത്യത്തിനൊപ്പം നിൽക്കുന്നു. മനോഹരമായതെല്ലാം നിന്നെ തേടി വരും, നിന്നെ ഓർത്ത് ഞാൻ എപ്പോഴും അഭിമാനിക്കുന്നു" എന്നായിരുന്നു പ്രിയങ്ക മകന് നൽകിയ സന്ദേശം. റയ്ഹാൻ ശക്തനായ ചെറുപ്പക്കാരനാണെന്നും തന്റെ സൃഷ്ടികൾ പ്രദർശിപ്പിക്കാൻ മറ്റൊരു മികച്ച വേദി അവന് ലഭിക്കുമെന്നും റോബർട്ട് വാദ്രയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Robert Vadra Art Controversy
Next Story