ഓടുന്ന ട്രെയിനിൽ സിനിമ സ്റ്റൈൽ കൊള്ള; വ്യാപാരിക്ക് സ്വർണമടക്കം ലക്ഷങ്ങൾ നഷ്ടമായി
text_fieldsമുംബൈ: സിനിമ സ്റ്റൈലിൽ വ്യാപാരി കുടുംബത്തെ സൂചിമുനയിൽ നിർത്തി കൊള്ളയടിച്ചു. ഇക്കഴിഞ്ഞ മേയ് 31ന് മുംബൈയിൽ ബാന്ദ്ര-ജയ്പൂർ എക്സ്പ്രസിലാണ് സംഭവം. 1.5 ലക്ഷം രൂപയും 4,500 സൗദി റിയാലും 7.03 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും ആണ് കൊള്ളയടിച്ചത്.
നാലംഗ സംഘമാണ് കവർച്ചക്കു പിന്നിലെന്ന് പെട്രോൾ പമ്പ് ഉടമ അയൂബ് പുസെ ഖാൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവ ദിവസം ഉച്ചക്ക് ഒരുമണിയോടെ ഗോരേഗാവ്, ജോഗേശ്വരി സ്റ്റേഷനുകൾക്കിടയിലായിരുന്നു സംഭവം.
ട്രെയിനിൽ യാത്ര ചെയ്യവേ ഇറങ്ങേണ്ട സ്റ്റേഷൻ അടുത്തപ്പോൾ അജ്ഞാതൻ അയൂബ് പുസെ ഖാന്റെ ഭാര്യയെ ലഗേജുകൾ എടുക്കാൻ സഹായിക്കുയായിരുന്നു. തുടർന്ന് ലഗേജുകൾ വാതിലിനടുത്തേക്ക് മാറ്റവേ മറ്റു മൂന്നു പേർ കൂടി രംഗത്തെത്തുകയായിരുന്നു. തുടർന്ന് അക്രമി സംഘത്തിലൊരാൾ കത്തിയെടുത്ത് പരാതിക്കാരനെ ബന്ധിയാക്കുകയായിരുന്നു.
അന്ധേരി സ്റ്റേഷനടുത്ത് ട്രെയിൻ വേഗം കുറഞ്ഞപ്പോൾ ഇവർ ബാഗുകൾ എടുത്ത് ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു. അന്ധേരിയിൽ വെച്ച് കുടുംബം പൊലീസിൽ പരാതിനൽകി. ബോറിവാലി റെയിൽവേ പൊലീസ് ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകൾ ചേർത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സംഘം മറ്റൊരു സംസ്ഥാനത്തുനിന്നുള്ളവരാണെന്ന് തോന്നുന്നതായും അവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

