കാഞ്ചീപുരത്ത് നാലര കോടിയുടെ കവർച്ച; അഞ്ച് മലയാളികൾ അറസ്റ്റിൽ
text_fieldsചെന്നൈ: കാഞ്ചീപുരത്ത് കൊറിയർ കമ്പനി വാഹനം തടഞ്ഞ് നാലരക്കോടിയോളം രൂപ കവർച്ച നടത്തിയ കേസിൽ അഞ്ച് മലയാളികൾ അറസ്റ്റിൽ. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽനിന്നുള്ള സന്തോഷ്, ജയൻ, സുജിത്‍ലാൽ, മുരുകൻ, കുഞ്ഞുമുഹമ്മദ് എന്നിവരാണ് പിടിയിലായത്. മൊത്തം 17 അംഗ മലയാളി സംഘമാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചത്.
മറ്റു പ്രതികളെ പൊലീസ് തേടുന്നു. ഇതിനായി തമിഴ്നാട് പൊലീസ് ടീം കേരളത്തിലെത്തിയിട്ടുണ്ട്. കൊറിയർ കമ്പനി ഉടമ മുംബൈ ബോറിവലി സ്വദേശിയായ ജതിൻ (56) ആണ് പരാതിക്കാരൻ. ഒന്നര മാസം മുമ്പ് നാലരക്കോടി രൂപയുമായി ഹ്യുണ്ടായ് ക്രെറ്റ കാറിൽ ബംഗളൂരുവിൽനിന്ന് ചെന്നൈ സൗക്കാർപേട്ടയിലേക്ക് കമ്പനി ഡ്രൈവർമാരായ പിയൂഷ് കുമാറിനെയും ദേവേന്ദ്ര പട്ടേലിനെയും ജതിൻ അയച്ചിരുന്നു.
ചെന്നൈ- ബംഗളൂരു ദേശീയപാതയിൽ കാഞ്ചീപുരത്ത് എത്തിയപ്പോഴാണ് മൂന്നു കാറുകളിലായെത്തിയ സംഘം വാഹനം തടഞ്ഞുനിർത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച നടത്തിയത്. കൊള്ളസംഘം പിന്നീട് ആർക്കോട്ടുവെച്ച് കാർ ഉപേക്ഷിച്ച് പണവുമായി കടന്നുകളയുകയായിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് അഞ്ച് പ്രതികളെ കേരളത്തിൽനിന്ന് കാഞ്ചീപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ കാഞ്ചീപുരം കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയ പൊലീസ്, കൊള്ളയടിച്ച പണം കണ്ടെടുക്കുന്നതിനുവേണ്ടി കേരളത്തിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

