ഹരിയാനയിലെ പാനിപ്പത്തിൽ കൊള്ളസംഘം മൂന്നു സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു; ഒരു സ്ത്രീയെ കൊലപ്പെടുത്തി
text_fieldsപാനിപ്പത്ത്: ഹരിയാനയിൽ ആയുധധാരികളായ കൊള്ളസംഘം മൂന്നു സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു. ഒരു സ്ത്രീയെ അക്രമികൾ കൊലപ്പെടുത്തി. ഹരിയാനയിലെ പാനിപ്പത്ത് ജില്ലയിലെ മത് ലൗഡ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
പാനിപ്പത്തിൽ ഫിഷ് ഫാമിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് അതിക്രമത്തിന് ഇരയായത്. രണ്ട് വീടുകളിലാണ് സംഘം ആക്രമണം അഴിച്ചുവിട്ടത്.
ആദ്യ വീട്ടിൽ ബൈക്കിലെത്തിയ കൊള്ളസംഘം ഗൃഹനാഥനെയും ഭാര്യയെയും മർദിക്കുകയും പണം കവരുകയും ചെയ്തു. അക്രമികളുടെ അടിയേറ്റ് ഗുരുതര പരിക്കോടെ ചികിത്സയിലായിരുന്ന 45കാരിയാണ് മരിച്ചത്. അക്രമി തൊഴിച്ചതിനെ തുടർന്ന് വയറിനേറ്റ പരിക്കാണ് മരണകാരണം.
രണ്ടാമത്തെ വീട്ടിലെ പുരുഷന്മാരെയും കുട്ടികളെയും കെട്ടിയിട്ട ശേഷം മൂന്നു സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു. 24, 25, 35 വയസുള്ള സ്ത്രീകളാണ് ബലാത്സംഗം ചെയ്യപ്പെട്ടത്. ഇവിടെ നിന്ന് ആഭരണങ്ങളും 13,000 രൂപയും കൊള്ളസംഘം മോഷ്ടിച്ചു.
കൊലപാതകം, ബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി നാല് അക്രമികൾക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതായി മത് ലൗഡ പൊലീസ് അറിയിച്ചു. പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.