ഇന്‍വെസ്റ്റ് കേരള ഉച്ചകോടിക്ക് ഡല്‍ഹിയിൽ റോഡ് ഷോ
text_fieldsന്യൂഡല്‍ഹി: കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ രണ്ടു പതിറ്റാണ്ടത്തെ കണക്കില്‍ തൊഴിലാളി സമരങ്ങളുടെയും പണിമുടക്കിന്റെയും എണ്ണത്തില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ പിറകിലാണ് കേരളമെന്ന് സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ്. ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ മുന്നോടിയായി നിക്ഷേപകര്‍ക്കും വ്യവസായ സംരംഭകര്‍ക്കുമായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച റോഡ് ഷോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ തൊഴില്‍ നൈപുണ്യവും വ്യവസായ സൗഹൃദ അന്തരീക്ഷവും പ്രയോജനപ്പെടുത്താന്‍ നിക്ഷേപകരോട് മന്ത്രി ആവശ്യപ്പെട്ടു. കേരളത്തെ വ്യവസായ സൗഹൃദമാക്കാനായി കൈക്കൊണ്ട നിയമഭേദഗതികളെയും നയരൂപവത്കരണത്തെയും കുറിച്ച് മന്ത്രി വിശദീകരിച്ചു. കേരളത്തില്‍ വ്യവസായത്തിനുള്ള ലൈസന്‍സ് ഒരു മിനിറ്റിനുള്ളില്‍ ഓണ്‍ലൈന്‍ സംവിധാനമായ കെ-സ്വിഫ്റ്റ് വഴി ലഭ്യമാകും. വ്യവസായം തുടങ്ങാനുള്ള വിവിധ അനുമതികള്‍ക്കായി ഓണ്‍ലൈനില്‍ ലഭിക്കുന്ന രേഖ ഹാജരാക്കാവുന്നതാണ്. ഇത്തരം പരിഷ്കരണങ്ങള്‍ കൊണ്ടാണ് വ്യവസായ സൗഹൃദ നടപടികളില്‍ കേരളത്തിന് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത്. കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ പ്രതിഫലിപ്പിക്കുന്നതാണിത്. വ്യവസായ സംരംഭകരില്‍നിന്നുള്ള മികച്ച അഭിപ്രായമാണ് കേരളത്തെ റാങ്കിങ്ങില്‍ ഒന്നാമതെത്തിച്ചത്. ഇത് ആഗോള നിക്ഷേപ ഉച്ചകോടി സംഘടിപ്പിക്കുന്നതില്‍ സര്‍ക്കാറിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. കേരളം വ്യവസായസൗഹൃദമല്ലെന്ന കാഴ്ചപ്പാട് മാറിയെന്നും മന്ത്രി പറഞ്ഞു.
വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി ചെയര്മാന് സി. ബാലഗോപാല്‍, എം.ഡി എസ്. ഹരികിഷോര്‍, എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഹരികൃഷ്ണന് ആര്., കിന്‍ഫ്ര എം.ഡി സന്തോഷ് കോശി തോമസ്, ഫിക്കി റീജനല്‍ ആന്‍ഡ് സ്റ്റേറ്റ് കൗണ്‍സില്‍സ് ഡയറക്ടര്‍ തരുണ്‍ ജെയിന് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

