റോഡിൽ കരുതൽ; അപകടത്തിൽ പരിക്കേൽക്കുന്നവർക്ക് സൗജന്യ ചികിത്സ
text_fieldsന്യൂഡൽഹി: രാജ്യത്തുടനീളം റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ആദ്യ ഒരാഴ്ച 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ സൗകര്യം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. മേയ് അഞ്ചിന് നിലവിൽ വന്ന പദ്ധതി തിരഞ്ഞെടുത്ത ആശുപത്രികളിൽ ലഭ്യമാണെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറപ്പെടുവിച്ച ഗെസറ്റ് വിജ്ഞാപനത്തിൽ പറയുന്നു. റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് യഥാസമയം ചികിത്സ ലഭിക്കാത്തതുമൂലമുണ്ടാകുന്ന മരണ നിരക്ക് കുറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നാഷനൽ ഹെൽത്ത് അതോറിറ്റി (എൻ.എച്ച്.എ) ആണ് പദ്ധതിയുടെ നിർവഹണ ചുമതല വഹിക്കുന്നത്.
സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സംസ്ഥാന റോഡ് സുരക്ഷ കൗൺസിലായിരിക്കും പദ്ധതി നടത്തിപ്പിനുള്ള നോഡൽ ഏജൻസി. പണരഹിത ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികളെ പട്ടികയിൽ ചേർക്കൽ, പരിക്കേറ്റവരുടെ ചികിത്സ, ആശുപത്രികൾക്ക് പണം നൽകൽ തുടങ്ങിയ കാര്യങ്ങളിൽ നോഡൽ ഏജൻസി നാഷനൽ ഹെൽത്ത് അതോറിറ്റിയുമായി ചേർന്ന് പ്രവർത്തിക്കും. എംപാനൽ ചെയ്യാത്ത ആശുപത്രികളിൽ അടിയന്തര പ്രാഥമിക ചികിത്സക്ക് മാത്രമായിരിക്കും സഹായം നൽകുക.
ഇത് വ്യവസ്ഥകൾക്ക് വിധേയമായിരിക്കും. പദ്ധതി നടത്തിപ്പിനായി റോഡ് സെക്രട്ടറിയുടെ നേതൃത്വത്തിൽ 11 അംഗ സ്റ്റിയറിങ് കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ച് 14ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ചണ്ഡിഗഢിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതി പിന്നീട് ആറ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചിരുന്നു. 2023ൽ 4.80 ലക്ഷം റോഡപകടങ്ങളിൽ 1.72 ലക്ഷം പേർ മരിച്ചതായി റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അടുത്തിടെ പറഞ്ഞിരുന്നു.
ചികിത്സ എവിടെ?
• എംപാനൽ ചെയ്ത ആശുപത്രികളിൽ പണരഹിത ചികിത്സ
• എംപാനൽ ചെയ്യാത്ത ആശുപത്രിയിൽ പ്രാഥമിക ചികിത്സക്കുമാത്രം സഹായം. തുടർന്ന്, ആവശ്യമെങ്കിൽ എംപാനൽ ചെയ്ത ആശുപത്രിയിലേക്ക് മാറ്റും
പദ്ധതിയിൽ ഉൾപ്പെടുന്നത്
• അടിയന്തര ചികിത്സ, ശസ്ത്രക്രിയ, മരുന്നുകൾ, രോഗനിർണയ നടപടിക്രമങ്ങൾ
• ഐ.സി.യു, മറ്റ് ആശുപത്രി സേവനങ്ങൾ
• ഒരാൾക്ക് ആകെ 1.5 ലക്ഷം രൂപ വരെ സഹായം
• അപകട തീയതി മുതൽ ഏഴ് ദിവസത്തേക്ക് പ്രാബല്യം
ആനുകൂല്യം ആർക്കൊക്കെ?
• ഇന്ത്യയിലെവിടെയും വാഹനാപകടത്തിൽ പരിക്കേറ്റ ആർക്കും
• ഡ്രൈവർമാർ, യാത്രക്കാർ, കാൽനടക്കാർ, റോഡരികിൽ നിൽക്കുന്നവർ തുടങ്ങിയവർക്ക് അർഹത
• അപകടം പൊതു റോഡിൽ സംഭവിച്ചതായിരിക്കണം
• അപകട സമയത്ത് ചികിത്സ ലഭിക്കുന്നതിന് കടലാസ് ജോലികളോ തിരിച്ചറിയൽ രേഖകളോ ആവശ്യമില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

