‘എല്ലില്ലാത്ത നാക്കുമായി അയാൾ നുണകളുടെ ഹിമാലയം സൃഷ്ടിക്കും..., ഉദ്ഘാടനം ചെയ്ത പാലം നാളെ പൊളിയുമെന്ന ബോർഡും വെക്കൂ..’; മോദിയെ കടന്നാക്രമിച്ച് തേജസ്വി; യു.പിയിലും മഹാരാഷ്ട്രയിലും കേസ്
text_fieldsതേജസ്വി യാദവ്
ന്യൂഡൽഹി: ബിഹാറിൽ തെരഞ്ഞെടുപ്പ് പോരാട്ടം സജീവമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ആക്രമണവുമായി മുൻ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ്. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിരവധി പദ്ധതികളുടെ ഉദ്ഘാടനം നരേന്ദ്ര മോദി നിർവഹിച്ചതിനു പിന്നാലെയാണ് പരിഹാസവും രൂക്ഷ വിമർശനവുമായി തേജസ്വി യാദവ് രംഗത്തെത്തിയത്. സാമൂഹിക മാധ്യമ പേജുകളിലൂടെയും, അഭിപ്രായമാരാഞ്ഞ മാധ്യമങ്ങളും വഴിയായിരുന്നു തേജസ്വിയുടെ വിമർശനം.
തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ബി.ജെ.പിയുടെയും വോട്ട് കൊള്ളയെ ചോദ്യം ചെയ്ത് ബിഹാറിൽ വോട്ടർ അധികാർ യാത്ര പുരോഗമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി വെള്ളിയാഴ്ച പട്നയിലെത്തിയത്. അപ്പോഴായിരുന്നു തേജസ്വി ഹിന്ദിയിൽ പരിഹാസ പോസ്റ്റുമായെത്തിയത്.
‘ഇന്ന് ഗയയിൽ നുണകളുടെയും കള്ള വാഗ്ദാനങ്ങളുടെയും ഒരു കട തുറക്കും. എല്ലില്ലാത്ത നാവുമായി പ്രധാനമന്ത്രി നുണകളുടെ ഹിമാലയം സൃഷ്ടിക്കും. എന്നാൽ നീതിയെ സ്നേഹിക്കുന്ന ദശരഥ് മാഞ്ചിയെ പോലെ ബിഹാറിലെ ജനങ്ങൾ അദ്ദേഹത്തിന്റെ നുണകളുടെ കുന്നുകൾ തകർക്കും. നിങ്ങളുടെ 11 വർഷത്തെയും, ബിഹാറിലെ എൻ.ഡി.എ സർക്കാരിന്റെ 20 വർഷത്തെയും വിവരണം നൽകുക’ -തേജസ്വി യാദവ് പോസ്റ്റ് ചെയ്തു.
എന്നാൽ, ഇതിനെതിരെയാണ് മഹാരാഷ്ട്രയിൽ തേജസ്വി യാദവിനെതിരെ പരാതി നൽകിയത്.
പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിൽ സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചുവെന്ന ആരോപണവുമായി മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലാ പൊലീസ് വെള്ളിയാഴ്ച എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ബി.ജെ.പി എം.എൽ.എ മിലിന്ദ് നരോട്ടിയാണ് ആർ.ജെ.ഡി നേതാവിനെതിരെ പരാതി നൽകിയത്.
ഉത്തർ പ്രദേശിലെ ഷാജഹാൻ പൂരിലും തേജസ്വിക്കെതിരെ ബി.ജെ.പി പരാതി നൽകി.
അതിനിടെ മറ്റൊരു പോസ്റ്റിലും തേജസ്വി നരേന്ദ്ര മോദിയെ പരിഹസിച്ചു. വെള്ളിയാഴ്ച മോദി ഉദ്ഘാടനം ചെയ്ത പാലം തൊട്ടടുത്ത ദിവസം തന്നെ തകരുമെന്നും, ഉദ്ഘാടന റിബൺ മുറിക്കുന്നതിനൊപ്പം പൊതുജന താൽപര്യാർത്ഥം ജനങ്ങൾക്ക് മുന്നറിയിപ്പു നൽകുന്ന മറ്റൊരു ബോർഡ് കൂടി പാലത്തിന്റെ ഇരുവശത്തും സ്ഥാപിക്കണമെന്നും തേജസ്വി പോസ്റ്റിൽ കുറിച്ചു. പാലം തകരുന്നതിൽ എൻ.ഡി.എ സർക്കാറിനെ ലോകറെക്കോഡുണ്ടെന്നും പാലം മുറിച്ചുകടക്കുന്നവർ സ്വന്തം റിസ്കിൽ ഉപയോഗിക്കണമെന്നും തേജസ്വി പരിഹാസമായി കുറിച്ചു.
തന്റെ പോസ്റ്റിനെതിരായ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളെയും തേജസ്വി യാദവ് തള്ളി. കേസിനെ ആരാണ് ഭയപ്പെടുന്നതെന്ന് ചോദിച്ച ആർ.ജെ.ഡി നേതാവ് ബി.ജെ.പി സത്യത്തെ ഭയപ്പെടുന്നതായും ഒരു വാക്ക് പോലും അവർക്ക് കുറ്റകൃത്യമായി മാറുന്നുവെന്നും പറഞ്ഞു.
നവംബറിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിൽ നിരവധി പദ്ധതികൾക്ക് തുടക്കം കുറിച്ചത്. പട്നയെയും ബെഗുസരായിയെയും ബന്ധിപ്പിക്കുന്ന 1.86 കിലോമീറ്റർ ദൈർഘ്യമുള്ള സിമരിയ പാലം വെള്ളിയാഴ്ച മോദി ഉദ്ഘാടനം ചെയ്തു. ഗയാജിയിലെ ബുക്സാർ വൈദ്യുതി പ്ലാന്റ്, ഗയാജിയെയും ഡൽഹിയെയും ബന്ധിപ്പിക്കുന്ന പുതിയ അമൃത് ഭാരതി എക്സ്പ്രസ് ട്രെയിൻ, മുസാഫർപൂരിലെ ഹോമി ബാബ കാൻസർ ആശുപത്രി തുടങ്ങിയവ ഉൾപ്പെടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

