മത്സരിക്കാൻ ടിക്കറ്റ് നിഷേധിച്ചു; പൊട്ടിക്കരഞ്ഞ്, കുർത്താ വലിച്ചുകീറി ആർ.ജെ.ഡി നേതാവ്, ലാലുവിന്‍റെ കാറിന് പിറകിൽ ഓടിയും പ്രതിഷേധം
text_fieldsപൊട്ടിക്കരയുന്ന മദൻ ഷാ
പാട്ന: നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് നാടകീയ രംഗങ്ങളാണ് ബിഹാറിൽ അരങ്ങേറുന്നത്. പാർട്ടി ടിക്കറ്റ് ലഭിക്കാത്തതിൽ നേതൃത്വത്തിനെതിരെയുള്ള രോഷപ്രകടനം സംസ്ഥാനത്ത് വ്യാപകമാണ്. ടിക്കറ്റ് നിഷേധിക്കപ്പെട്ട രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതാവ് പ്രതികരിച്ച രീതിയാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്.
മുതിർന്ന ആർ.ജെ.ഡി നേതാവ് മദൻ ഷാക്കാണ് ആർ.ജെ.ഡി സീറ്റ് നിഷേധിച്ചത്. മധുബൻ നിയമസഭ സീറ്റാണ് മദൻ ഷാ ആഗ്രഹിച്ചിരുന്നത്. എന്നാൽ, പാർട്ടി സീറ്റ് നൽകിയില്ല.
ടിക്കറ്റ് തനിക്കില്ലെന്ന വിവരം അറിഞ്ഞ മദൻ ഷാ ലാലു പ്രസാദ് യാദവിന്‍റെ വസതിക്ക് മുമ്പിൽ നിന്ന് പൊട്ടിക്കരയുകയും ധരിച്ചിരുന്ന കുർത്ത വലിച്ചു കീറുകയും ചെയ്തു. പൊതുജന മധ്യത്തിൽ രോഷവും നിരാശവും പ്രകടിപ്പിക്കാൻ മദൻ ഷാ നടുറോഡിൽ കിടന്നു. രോഷപ്രകടനത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
ലാലു പ്രസാദിന്‍റെ വസതിക്ക് മുമ്പിൽ തടിച്ചു കൂടിയവർ മദൻ ഷായുടെ പ്രകടനത്തിന് കാഴ്ചക്കാരായി. ഇതിന് പിന്നാലെ വൻതോതിൽ പണം വാങ്ങിയാണ് ടിക്കറ്റ് വിതരണം ചെയ്യുന്നതെന്നും സീറ്റ് നൽകാത്തതിൽ അഴിമതിയുണ്ടെന്നും മദൻ ഷാ ആരോപിച്ചു.
'പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് തന്നെ സ്ഥാനാർഥിയാക്കാത്തത്. രാജ്യസഭാ എം.പി സഞ്ജയ് യാദവാണ് ഇതിന് പിന്നിൽ. പണം വാങ്ങി മധുബൻ സീറ്റ് ഡോ. സന്തോഷ് കുഷ്വാഹക്ക് നൽകി' -മദൻ ഷാ ആരോപിച്ചു.
തന്നെ പോലെ സത്യസന്ധരും കഠിനാധ്വാനികളുമായ പ്രവർത്തകരെ പാർട്ടി അവഗണിച്ചു. വലിയ പോക്കറ്റുള്ളവർക്കാണ് മുൻഗണന നൽകിയതെന്നും പൊട്ടിക്കരഞ്ഞ് കൊണ്ട് ഷാ പറഞ്ഞു. ലാലു പ്രസാദ് യാദവ് പാട്നയിലെ വസതിയിൽ എത്തിയപ്പോൾ മദൻ ഷാ അദ്ദേഹത്തിന്‍റെ കാറിന് പിന്തുടരാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.
രോഷപ്രകടനം നീണ്ടുനിന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് മദൻ ഷാ പരിസരത്ത് നിന്ന് നീക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

