ബിഹാറിൽ സ്ത്രീകള്‍ക്കുളള എന്‍.ഡി.എ സര്‍ക്കാര്‍ പദ്ധതിയുടെ പണം എത്തിയത് പുരുഷന്മാരുടെ അക്കൗണ്ടുകളിലെന്ന് ആര്‍.ജെ.ഡി
text_fieldsപട്ന: ബിഹാറിൽ എൻ.ഡി.എ സർക്കാറിന്റെ ‘മഹിളാ റോസ്ഗാർ യോജന’ പ്രകാരം സ്ത്രീകൾക്ക് നൽകേണ്ട പണം സാങ്കേതിക പിഴവ് മൂലം പുരുഷന്മാരുടെ അക്കൗണ്ടുകളിലെത്തിയെന്ന് ആർ.ജെ.ഡി ആരോപിച്ചു. പണം തിരികെ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത് തെരഞ്ഞെടുപ്പ് തട്ടിപ്പാണെന്നും പാവപ്പെട്ടവർക്ക് പണം തിരിച്ചടക്കാൻ കഴിയില്ലെന്നും ആർ.ജെ.ഡി കുറ്റപ്പെടുത്തി.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ട് പിടിക്കാനുള്ള ഭ്രാന്തമായ ഓട്ടത്തിലാണ് ഭരണകക്ഷിയായ നാഷനല്‍ ഡെമോക്രാറ്റിക്ക് അലയന്‍സെന്നും ആര്‍.ജെ.ഡി കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ഓരോ കുടുംബത്തിലേയും ഒരു സ്ത്രീക്ക് പുതിയ തൊഴില്‍ സംരംഭം ആരംഭിക്കുന്നതിനായി സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി ആഗസ്റ്റ് 29നാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചത്.
‘മഹിളാ റോസ്ഗാര്‍ യോജന’, എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി സെപ്റ്റംബര്‍ 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു. നവംബര്‍ 14ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ 243 സീറ്റുകളില്‍ 202 എണ്ണവും നേടി വിജയിച്ചതിന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഈ നീക്കം.
സംരംഭം ആരംഭിക്കുന്നതിനുള്ള ആദ്യ ഗഡുവായി ഗുണഭോക്താക്കളായ സ്ത്രീകള്‍ക്ക് പതിനായിരം രൂപ നല്‍കേണ്ടതായിരുന്നു. ഇതാണ് പുരുഷന്മാരുടെ അക്കൗണ്ടിലേക്ക് അയച്ചത്. ഈ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബിഹാര്‍ റൂറല്‍ ലൈവ്‌ലി ഹുഡ് പ്രമോഷന്‍ സൊസൈറ്റി കത്തയച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ പദ്ധതി വനിതാ അംഗങ്ങള്‍ക്ക് മാത്രമുള്ളതാണെന്നും സാങ്കേതിക പിഴവ് മൂലം പതിനായിരം രൂപ മറ്റ് അക്കൗണ്ടുകള്‍ക്ക് അയച്ചതാണെന്നുമാണ് കത്തില്‍ പറയുന്നത്. അതിനാല്‍ ഈ പണം ഒരു പ്രത്യേക അക്കൗണ്ടിലേക്ക് തിരികെ നിക്ഷേപിക്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

