ബിഹാറിൽ നദികൾ അപകടനിലയിൽ; മഴയിൽ വിറങ്ങലിച്ച് ഉത്തരേന്ത്യ
text_fieldsബിഹാറിലെ പട്നയിൽ ജലനിരപ്പ് അപകടനിലയും മറികടന്നതോടെ മുങ്ങിയ വീടുകളിലൊന്ന്
പട്ന: കേരളത്തിൽ മഴ മാറിനിൽക്കുമ്പോൾ വടക്ക്, കിഴക്കൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴയും വെള്ളപ്പൊക്കവും ജനജീവിതം താറുമാറാക്കി. ഡൽഹി, ബിഹാർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഹിമാചൽപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലാണ് അതിശക്തമായ മഴ തുടരുന്നത്.
ബിഹാറിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കം 11 ജില്ലകളിലായി ഏകദേശം 10.26 ലക്ഷം ജനങ്ങളെ ബാധിച്ചു. ഗാന്ധിഘട്ടിൽ ഗംഗ നദിയിൽ ജലനിരപ്പ് 10 സെന്റീമീറ്റർ ഉയർന്നു. ഗംഗയിലെ ജലനിരപ്പ് അപകടനിലയും മറികടന്നതായി അധികൃതർ അറിയിച്ചു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കാനും ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും നിർദേശിച്ചു.
ഡൽഹിയിൽ തുടർച്ചയായ മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. വിമാന സർവീസുകളെയും മഴ ബാധിച്ചു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനും ധൗളാകുവാനും ഇടയിലുള്ള ദേശീയപാത 48-ൽ വെള്ളം കയറി. ടെർമിനൽ മൂന്നിലും രൂക്ഷമായ വെള്ളക്കെട്ടുണ്ടായി.
ഹരിയാനയിലെ ഗുരുഗ്രാമിലും കനത്ത വെള്ളക്കെട്ട് അനുഭവപ്പെട്ടു. ഉത്തർപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പലയിടങ്ങളിലും മഴയും ഇടിമിന്നലുമുണ്ടായി. മൊറാദാബാദിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് 65.2 മില്ലിമീറ്റർ.
രാജസ്ഥാനിലെ കിഴക്കൻ മേഖലകളിലും കനത്ത മഴ ലഭിച്ചു. ധോൽപുർ ജില്ലയിലെ സെപാവുവിൽ 107 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. മധ്യപ്രദേശിന്റെ പടിഞ്ഞാറൻ മേഖല ഒഴികെയുള്ള മിക്ക ഭാഗങ്ങളിലും മഴ തുടരുകയാണ്. സത്ന, ഷിയോപൂർ, പന്ന, മൊറേന, ഭിണ്ട്, ഗുണ, ഗ്വാളിയോർ തുടങ്ങിയ 20ഓളം ജില്ലകളിൽ ശക്തമായ മഴ ലഭിച്ചു. പല സ്ഥലങ്ങളിലും പ്രളയസാഹചര്യം രൂപപ്പെട്ടതിനെ തുടർന്ന് സ്കൂളുകൾ അടച്ചു. എൻ.ഡി.ആർ.എഫിന്റെയും എസ്.ഡി.ആർ.എഫിന്റെയും സംഘങ്ങളെ വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിയും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് നിതിൻ നബിൻ പറഞ്ഞു. ഹിമാചൽ പ്രദേശിൽ ശക്തമായ മഴയെ തുടർന്ന് 85 റോഡുകൾ അടഞ്ഞു. സെപ്റ്റംബർ 11 വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
അതേസമയം, കശ്മീരിലെ ഉയർന്ന പ്രദേശങ്ങളിൽ സീസണിലെ ആദ്യ മഞ്ഞുവീഴ്ച ശനിയാഴ്ച അനുഭവപ്പെട്ടു. ഗുൽമാർഗ്, സോൻമാർഗ്, ഗുംരി മേഖലകളിലാണ് മഞ്ഞുവീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

