ഭീകരത അവസാനിപ്പിച്ചാൽ മാത്രം നദീജല കരാർ പുനഃപരിശോധിക്കും
text_fieldsവിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ
ന്യൂഡൽഹി: ഇന്ത്യ- പാകിസ്താൻ വെടിനിർത്തലിൽ മധ്യസ്ഥത വഹിച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. വെടിനിർത്തലിന് ആരാണ് ആവശ്യപ്പെട്ടത് എന്ന് വ്യക്തമാണ്. മേയ് ഏഴിന് പിന്മാറാൻ തയാറാകാതിരുന്ന പാകിസ്താൻ മേയ് പത്തിന് പിന്മാറാനും സംസാരിക്കാനും തയാറായി. ഉപഗ്രഹ ചിത്രങ്ങളിൽനിന്നു നമുക്ക് സംഭവിച്ചത് ചെറിയ നാശനഷ്ടങ്ങൾ മാത്രമാണെന്നും അവർക്ക് സംഭവിച്ചത് എത്ര വലിയ നാശനഷ്ടമാണെന്നും വ്യക്തമായിട്ടുണ്ടെന്നും ജയ്ശങ്കർ പറഞ്ഞു.
പാകിസ്താൻ അതിർത്തികടന്നുള്ള ഭീകരത അവസാനിപ്പിച്ചാൽ മാത്രമേ നദീജല കരാറിലെ നിലപാട് ഇന്ത്യ പുനഃപരിശോധിക്കൂ. ഭീകരതയെക്കുറിച്ച് മാത്രമേ പാകിസ്താനുമായി ചർച്ചയുള്ളൂ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതാണെന്നും ഡൽഹിയിൽ ഹോണ്ടുറാസ് എംബസി ഉദ്ഘാടനത്തിനുശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രി പ്രതികരിച്ചു. ഇന്ത്യയും യു.എസും തമ്മിൽ വ്യാപാര ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.
എല്ലാം ശരിയാകുന്നതുവരെ ഒരു തീരുമാനവും എടുക്കില്ല. ഏതൊരു വ്യാപാര കരാറും പരസ്പരം പ്രയോജനകരമാകുന്ന രീതിയിലാകണം. വ്യാപാര കരാറിൽ ഇന്ത്യയുടെ പ്രതീക്ഷ അതായിരിക്കുമെന്നും ജയ്ശങ്കർ വ്യക്തമാക്കി. തീരുവ വിഷയത്തിൽ ഇന്ത്യ കരാർ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അതുപ്രകാരം ഇന്ത്യ യു.എസിന് ഒരു തീരുവയും ഈടാക്കില്ലെന്നു സമ്മതിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

