ബംഗാളിൽ വിമതർക്കിടയിലും ഭിന്നത; എം.എൽ.എമാർ എൻ.സി.പി.ഐയിൽ ലയിക്കില്ലെന്ന് ഋതബ്രത ബാനർജി
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ പിടിച്ചുകുലുക്കിയ വിമത നീക്കങ്ങളിൽ വീണ്ടും വഴിത്തിരിവ്. പാർട്ടി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ 20 തൃണമൂൽ എം.പിമാർ 'നാഷണൽ സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ ലയിക്കാൻ തീരുമാനിച്ചതിന് പിന്നാലെ, തങ്ങൾക്ക് അങ്ങനെയൊരു നീക്കമില്ലെന്ന് വ്യക്തമാക്കി വിമത എം.എൽ.എമാർ രംഗത്തെത്തി.
നിയമസഭയിലെ പ്രതിപക്ഷ നേതാവും വിമത എം.എൽ.എമാരുടെ നേതാവുമായ ഋതബ്രത ബാനർജിയാണ് എം.പിമാരുടെ തീരുമാനം തങ്ങൾ പിന്തുടരില്ലെന്ന് വ്യക്തമാക്കിയത്. മാധ്യമങ്ങളിലൂടെയാണ് എം.പിമാരുടെ ലയന വാർത്ത അറിഞ്ഞതെന്നും അത് അവരുടെ കൂട്ടായ തീരുമാനമാണെന്നും ഋതബ്രത ബാനർജി പറഞ്ഞു. എന്നാൽ വിമത എം.എൽ.എമാർക്കിടയിൽ എൻ.സി.പി.ഐയിൽ ചേരുന്നതിനെക്കുറിച്ച് ചർച്ചകളോ ആലോചനകളോ നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃണമൂലിന്റെ ആകെയുള്ള 80 എം.എൽ.എമാരിൽ 64 പേരുടെ പിന്തുണ തനിക്കുണ്ടെന്നാണ് ഋതബ്രത അവകാശപ്പെടുന്നത്.
മുതിർന്ന പാർലമെന്റ് അംഗം സുദീപ് ബന്ദേോപാധ്യായയുടെ നേതൃത്വത്തിലുള്ള 20 വിമത തൃണമൂൽ എം.പിമാർ കഴിഞ്ഞ ജൂൺ 14-നാണ് ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ കണ്ട് തങ്ങൾക്ക് സഭയിൽ പ്രത്യേക ഇരിപ്പിടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത്. എൻ.സി.പി.ഐ എന്ന പാർട്ടിയിൽ ലയിക്കുന്നതിലൂടെ ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരമുള്ള കൂറുമാറ്റ നിരോധന നിയമത്തിൽ നിന്നും രക്ഷപ്പെടാമെന്നാണ് എം.പിമാരുടെ കണക്കുകൂട്ടൽ.
എന്നാൽ എം.പിമാരും എം.എൽ.എമാരും രണ്ട് തട്ടിലായതോടെ തൃണമൂൽ വിമതർക്കിടയിലെ ഭിന്നത പരസ്യമായിരിക്കുകയാണ്. ഇതിനിടെ വിമത എം.പിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കപിൽ സിബൽ രംഗത്തു വന്നിരുന്നു. അതേസമയം, രാഷ്ട്രീയ നാടകങ്ങൾക്കിടയിലും സംസ്ഥാനത്തിന്റെ ശ്രദ്ധ പൂർണ്ണമായും ഭരണത്തിലും വികസനത്തിലുമാണെന്നാണ് പശ്ചിമ ബംഗാൾ സർക്കാരിന്റെ ഔദ്യോഗിക പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

