ഋതബ്രത: എസ്.എഫ്.ഐ ദേശീയ നേതാവായി തുടക്കം; ഒറ്റനാൾ കൊണ്ട് വെട്ടിപ്പിളർന്നത് മമതയുടെ 28 വർഷത്തെ തൃണമൂൽ ചരിത്രം
text_fieldsകൊൽക്കത്ത: സി.പി.എമ്മിൽനിന്നും തൃണമൂൽ കോൺഗ്രസിൽനിന്നും പുറത്താക്കപ്പെട്ട അപൂർവ നേതാവ് എന്ന വിശേഷണം പേറുന്നയാളാണ് ബംഗാൾ രാഷ്ട്രീയത്തിലെ പൊടുന്നനെ താരമായി മാറിയ ഋതബ്രത ബാനർജി.
തൃണമൂലിന്റെ എല്ലാമെല്ലാമായ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ ജനങ്ങളുമായുള്ള അടുപ്പത്തെ കമ്യൂണിസ്റ്റ് നേതാവ് വ്ലാദിമിർ ലെനിനുമായി ഉപമിച്ച ഋതബ്രത ഇപ്പോൾ അതേ നേതാവിനെതിരെ തന്നെ പട നയിച്ച് പാർട്ടി പിടിച്ചെടുത്തിരിക്കുകയാണ്.
മമതക്കൊപ്പമുള്ള തൃണമൂൽ കോൺഗ്രസിന്റെ 28 വർഷത്തെ ചരിത്രത്തെ ഒരൊറ്റ ദിവസം കൊണ്ട് 46കാരൻ പിളർക്കുന്ന കാഴ്ചയായിരുന്നു ബംഗാൾ നിയമസഭയിൽ ഇന്നലെ. മഹാരാഷ്ട്ര ശിവസേനയിൽ ഏക്നാഥ് ഷിൻഡെയും എൻ.സി.പിയിൽ അജിത് പവാറും നേതൃത്വം നൽകിയ പാർട്ടി പിടിച്ചെടുക്കലിന്റെ ബംഗാൾ മോഡലാണ് ഋതബ്രത പ്രാവർത്തികമാക്കുന്നത്.
പെട്ടെന്നുള്ള ഉയർച്ചയും പൊടുന്നനെയുള്ള വീഴ്ചയും അത്ഭുതകരമായ ഉയിർത്തെഴുന്നേൽപുമൊക്കെയുള്ള രാഷ്ട്രീയ ജീവിതമാണ് ചെറിയ കാലത്തിനുള്ളിൽ തന്നെ ഋതബ്രതയുടേത്. 2008ൽ എസ്.എഫ്.ഐ ജനറൽ സെക്രട്ടറിയായി ദേശീയ രാഷ്ട്രീയത്തിലേക്കെത്തിയ ഋതബ്രത 2011ൽ 31ാം വയസ്സിൽ തൃണമൂലിന്റെ കരുത്തനായ സുബ്രത ബക്ഷിക്കെതിരെ ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും തോൽവിയായിരുന്നു ഫലം. മൂന്ന് വർഷത്തിനുശേഷം ബംഗാളിന്റെ സമീപകാല ചരിത്രത്തിലെ വാശിയേറിയ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സഹായത്തോടെ തൃണമൂലിനെ പരാജയപ്പെടുത്തിയ ഋതബ്രത പാർലമെന്റിലേക്കെത്തി. 35ാം വയസ്സിലെ ഋതബ്രതയുടെ ഈ ഉയർച്ച സി.പി.എം വൃത്തങ്ങളിൽ എതിർശബ്ദമുണ്ടാക്കിയെങ്കിലും മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ പിന്തുണ ഋതബ്രതക്ക് തുണയായി. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ഒപ്പംനിന്നു.
എന്നാൽ, ഋതബ്രതയും സി.പി.എമ്മും തമ്മിലുള്ള ബന്ധം അതിവേഗം വഷളാവുന്ന കാഴ്ചയായിരുന്നു പിന്നീട്. അച്ചടക്കരാഹിത്യം, വിഭാഗീയത, മുതിർന്ന നേതാക്കളെ തുടർച്ചയായി വിമർശിക്കുന്ന രീതി എന്നിവക്കൊപ്പം ആഡംബര ജീവിത ശൈലിയും ഋതബ്രതയെ പാർട്ടിക്ക് അനഭിമതനാക്കി. ആപ്പിൾ വാച്ച്, മോണ്ട് ബ്ലാക്ക് പേന തുടങ്ങിയവയടക്കം വിലയേറിയ സാധനങ്ങൾ ഉപയോഗിക്കുന്നതും വിമർശനമുയർത്തി. 2017ൽ ഋതബ്രത സി.പി.എമ്മിൽനിന്ന് പുറത്താക്കപ്പെട്ടു.
ഇതിനുപിന്നാലെ മുകുൾ റോയ്, കൈലാഷ് വിജയ്‍വർഗീയ എന്നിവരുമായി അടുത്ത ഋതബ്രത ബി.ജെ.പിയിലേക്കെന്ന് സൂചനയുണ്ടായെങ്കിലും വൈകാതെ മമതയുമായി അടുക്കുന്നതാണ് കണ്ടത്. രാജ്യസഭ കാലാവധി കഴിഞ്ഞതിനുപിന്നാലെ 2020ൽ ഋതബ്രത തൃണമൂലിൽ ചേരുകയും ചെയ്തു.
സി.പി.എമ്മിന്റെ ഭാവി എന്ന് വാഴ്ത്തപ്പെട്ട യുവനേതാവ് തൃണമൂലിന്റെ പ്രധാന നേതാവാകുന്നതായിരുന്നു പിന്നീടുള്ള കാഴ്ച. പാർട്ടിയുടെ ട്രേഡ് യൂനിയൻ മേധാവിയായ ഋതബ്രത മമതയുടെയും അഭിഷേക് ബാനർജിയുടെയും വിശ്വസ്തനായി മാറി ഇത്തവണ മത്സരിച്ച് എം.എൽ.എയുമായി. ഇതിനുപിന്നാലെയാണ് പാർട്ടി പിളർത്തി മമതയെയും അഭിഷേകിനെയും നിഷ്പ്രഭമാക്കാനുള്ള ശ്രമം.
മമത ബാനർജി, ഋതബ്രത ബാനർജി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

