ബ്രിട്ടനിൽ 2 വർഷം ജോലി ചെയ്യാൻ 3000 ഇന്ത്യക്കാർക്ക് യൂത്ത് വിസ നൽകുമെന്ന് ഋഷി സുനക്
text_fieldsലണ്ടൻ: ബ്രിട്ടനിൽ രണ്ടു വർഷം ജോലി ചെയ്യുന്നതിന് 18നും 30നുമിടക്ക് പ്രായമുള്ള ഇന്ത്യക്കാർക്ക് 3000 വിസ നൽകാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പദ്ധതി. യു.കെ-ഇന്ത്യ മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പാർട്ണർഷിപ് പദ്ധതിയുടെ ഭാഗമായി ഒപ്പുവെച്ച ധാരണപത്രത്തിലാണ് ഇക്കാര്യമുള്ളത്.
അടുത്തവർഷം തുടക്കം മുതലാണ് പദ്ധതി നടപ്പാക്കുകയെന്ന് ഇരുരാജ്യങ്ങളുടെയും വിദേശ മന്ത്രാലയങ്ങൾ അറിയിച്ചു. ബാലിയിൽ നടക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി യു.കെയുടെ ഇന്ത്യ-പസഫിക് ഫോക്കസിലാണ് സുനക് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് പുറമേ ചൈനീസ് പ്രസിഡന്‍റ് ഷി ജിപിങ്, യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ തുടങ്ങി നിരവധി ലോകനേതാക്കൾ ഇന്തൊനേഷ്യയിലെ ബാലിയിൽ രണ്ടു ദിവസം നീണ്ടുനിന്ന ജി20 സമ്മേളനത്തിൽ പങ്കെടുത്തു. ജി20യുടെ പുതിയ അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്തു. അടുത്ത വർഷം ഉച്ചകോടി ഇന്ത്യയിൽ നടക്കും.
സമാപന ദിനമായ ഇന്ന് നടത്തിയ പ്രസംഗത്തിൽ ജി20യുടെ അജണ്ടയിൽ സ്ത്രീകളുടെ ഉന്നമനത്തിന് പ്രാധാന്യം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സമ്മേളനത്തിനിടെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവൽ മാക്രോണുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തിയിരുന്നു. ബുധനാഴ്ച യുക്രെയ്നിനോട് ചേർന്ന് കിഴക്കൻ പോളണ്ടിലുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതിനെ തുടർന്ന് ജി-20 സമ്മേളനത്തിനിടെ നാറ്റോയുടെ അടിയന്തര യോഗവും ചേർന്നിരുന്നു.
ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക, തുർക്കിയ, ആസ്ട്രേലിയ, സൗദി, യു.എസ്, അർജന്റീന, ബ്രസീൽ, മെക്സികോ, ഫ്രാൻസ്, ജർമനി, ഇറ്റലി, യു.കെ, ചൈന, ഇന്തൊനേഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമാണ് ജി20 കൂട്ടായ്മയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

