Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഇന്ത്യയെ അപമാനിക്കുമ്പോൾ ചിരിക്കുന്നത് ആരാണ്?'; രാഹുലിനെതിരെ വിമർശനവുമായി കിരൺ റിജിജു

text_fields
bookmark_border
rahul gandhi
cancel
camera_alt

കിരൺ റിജിജു, ഗിയാക്കോമോ ഫിലിബെക്ക്, രാഹുൽ ഗാന്ധി

ഹൈദരാബാദ്: ഭാരത് സമ്മിറ്റിനിടെ ഇറ്റാലിയൻ നേതാവ് 'വോട്ട് ചോർ, ഗദ്ദി ചോഡ്' മുദ്രാവാക്യം ഉയർത്തിയപ്പോൾ ചിരിച്ച് കൈയടിച്ച രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി. ഒരു വിദേശി ഇന്ത്യയെ അപമാനിക്കുമ്പോൾ ചിരിക്കുന്നത് ആരാണെന്ന് ചോദിച്ചാണ് കേന്ദ്രമന്ത്രി കിരൺ റിജിജുവിന്‍റെ വിമർശനം. രാഹുൽ ഗാന്ധിയുടെ പേര് എടുത്തുപറയാതെ സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

യൂറോപ്യൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി ജനറൽ ഗിയാക്കോമോ ഫിലിബെക്കാണ് സമ്മിറ്റിൽ കോൺഗ്രസിന്റെ മുദ്രാവാക്യം ഏറ്റുവിളിച്ചത്. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെയുള്ള രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിന് അദ്ദേഹം പിന്തുണ അറിയിച്ചു. ഒരാൾക്ക് ഒരു വോട്ട് എന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനമെന്നും ശുദ്ധമായ വോട്ടർ പട്ടികക്കായി രാഹുൽ നടത്തുന്ന പോരാട്ടം ജനാധിപത്യം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയാണ് തെളിയിക്കുന്നതെന്നും ഫിലിബെക്ക് പറഞ്ഞു. പ്രസംഗത്തിനൊടുവിൽ അദ്ദേഹം "Vote chor, gaddi chhod... Vote Thief, Leave Your Seat" എന്ന് മുദ്രാവാക്യം ആവർത്തിച്ചു. ഇന്ത്യയിൽ ജനാധിപത്യം പ്രതിസന്ധിയിലാണെന്നും അതിനെ സംരക്ഷിക്കാൻ രാഹുൽ ഗാന്ധിക്കൊപ്പം നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ വിദേശ നേതാവ് ഇടപെടുന്നത് അംഗീകരിക്കാനാകില്ലെന്ന് ബി.ജെ.പിയും ബി.ആർ.എസും പ്രതികരിച്ചു. ഇന്ത്യയുടെ കാര്യത്തിൽ അഭിപ്രായം പറയാൻ ഒരു വിദേശിക്കും അവകാശമില്ലെന്ന് ബി.ജെ.പി ദേശീയ വക്താവ് ഷാനവാസ് ഹുസൈൻ പറഞ്ഞു. കോൺഗ്രസ് യോഗത്തിൽ ഇറ്റാലിയൻ നേതാവ് ഉയർത്തിയ മുദ്രാവാക്യം പൂർണ്ണമായും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശ നേതാക്കളെക്കൊണ്ട് രാജ്യത്തിന്റെ ജനാധിപത്യത്തെ പരിഹസിപ്പിക്കുന്നത് രാജ്യദ്രോഹത്തിന് തുല്യമാണെന്ന് തെലങ്കാന ബി.ജെ.പി അധ്യക്ഷൻ എൻ. രാംചന്ദർ റാവു വിമർശിച്ചു. രാഹുൽ ഗാന്ധി ഇപ്പോൾ വിദേശ ശക്തികളുടെ വാക്ക് കേൾക്കുന്ന നേതാവായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫിലിബെക്കിന്റെ വാക്കുകളെ രാഹുൽ പ്രോത്സാഹിപ്പിക്കുകയാണെന്ന് ബി.ആർ.എസ് നേതാവ് കാർത്തിക് ഇന്ദ്ര റെഡ്ഡിയും ആരോപിച്ചു.

അതേസമയം ഫിലിബെക്കിന്റെ പരാമർശത്തെ ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത് ന്യായീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇറ്റലിയൻ പ്രധാനമന്ത്രിക്ക് ചോക്ലേറ്റ് നൽകാമെങ്കിൽ ഒരു ഇറ്റാലിയൻ നേതാവിന് ഇവിടെ വന്ന് സംസാരിച്ചുകൂടേയെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്നും ഇത് ഐക്യരാഷ്ട്ര സഭയും മനുഷ്യാവകാശ സംഘടനകളും ശ്രദ്ധിക്കേണ്ട വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rijiju Criticizes Rahul Gandhi
Next Story