ഔറംഗസീബിന്റെതെന്ന് തെറ്റിദ്ധരിച്ച് ബഹദൂർ ഷാ സഫറിന്റെ ചുമർ ചിത്രം വികൃതമാക്കി ഹിന്ദുത്വർ; സംഭവത്തിൽ കേസ്
text_fieldsലഖ്നോ: ഉത്തര്‍പ്രദേശിൽ ഔറംഗസീബിന്റെതെന്ന് തെറ്റിദ്ധരിച്ച് മുഗള്‍ രാജാവായ ബഹാദൂര്‍ ഷാ സഫറിന്റെ ചുമർ ചിത്രം കറുത്ത പെയിന്റ് ഒഴിച്ച് വികൃതമാക്കി തീവ്ര ഹിന്ദുത്വ പ്രവർത്തകർ. ഏപ്രില്‍ 18ന് യു.പിയിലെ ഗാസിയാബാദ് റെയില്‍വേ സ്റ്റേഷന് സമീപത്താണ് സംഭവം നടന്നത്.
ഹിന്ദു രക്ഷാദളിന്റെ പ്രവര്‍ത്തകരാണ് ബഹദൂര്‍ ഷായുടെ ചിത്രം നശിപ്പിച്ചത്. ചുമർ ചിത്രത്തില്‍ കറുത്ത പെയിന്റ് തേക്കുകയായിരുന്നു. 16 അടിയോളം വരുന്ന ചുമർ ചിത്രമാണ് നശിപ്പിച്ചത്. തുടർന്ന് തിരിച്ചറിയാനാകാത്ത ഏതാനും പേർക്കെതിരെ റെയിൽവേ സംരക്ഷണ സേന എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
ഔറംഗസേബിന്റെ കൊച്ചുമകനും അവസാനത്തെ മുഗൾ രാജാവുമാണ് ബഹാദൂര്‍ ഷാ സഫര്‍. ഇദ്ദേഹം മിര്‍സ അബു സഫര്‍ സിറാജുദ്ദീന്‍ മുഹമ്മദ് ബഹദൂര്‍ ഷാ സഫര്‍ ബഹാദൂര്‍ ഷാ രണ്ടാമന്‍ എന്നും അറിയപ്പെടുന്നു.
എഴുത്തുകാരന്‍ കൂടിയായിരുന്ന അദ്ദേഹത്തിന്റെ തൂലികാനാമമായിരുന്നു സഫര്‍ എന്നത്. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ പങ്കുവഹിച്ച മുഗള്‍ രാജാവ് കൂടിയാണ് ബഹാദൂര്‍ ഷാ.
''ക്ഷേത്രങ്ങള്‍ നശിപ്പിച്ച് പള്ളികള്‍ നിര്‍മിക്കുകയും നമ്മുടെ സഹോദരിമാരെ കൊല്ലുകയും ചെയ്ത മനുഷ്യന്റെ ചിത്രങ്ങള്‍ എന്തിനാണ് ഇവിടെ. ഇക്കാലത്തെ യുവാക്കള്‍ ഇതൊന്നും സമ്മതിക്കില്ല''- എന്നാണ് അതിക്രമത്തിന് പിന്നാലെ ഹിന്ദു രക്ഷാദള്‍ പ്രസിഡന്റ് പിങ്കി ചൗധരി പറഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പൊതുസ്വത്ത് നശിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടിയെടുക്കും. അക്രമികള്‍ വികൃതമാക്കിയത് ബഹദൂര്‍ ഷായുടെ ചിത്രമാണ്. ഇത് നല്ല പ്രവണതയല്ല എന്നാണ് ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ രൂപേഷ് രാമന്‍ ത്രിപാഠി പ്രതികരിച്ചത്.
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള ഔറംഗസീബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹിന്ദുത്വര്‍ വിദ്വേഷ പ്രചാരണത്തിന് തുടക്കം കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

