ഗാന്ധി ചിത്രത്തിന് നേരെ വെടിയുതിർത്ത ഹിന്ദുത്വനേതാവ് കൊലപാതക കേസിൽ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ഗാന്ധി ചിത്രത്തിന് നേരെ വെടിയുതിർത്ത സംഭവത്തിലൂടെ വിവാദത്തിലായ അഖില ഭാരത് ഹിന്ദു മഹാസഭ നേതാവ് പുജ ശകുൻ പാണ്ഡേ കൊലപാതക കേസിൽ അറസ്റ്റിൽ. സെപ്തംബർ 26ന് യു.പിയിലെ അലിഗഢിൽ വ്യവസായിയെ കൊലപ്പെടുത്തിയ കേസിലാണ് ഇവർ അറസ്റ്റിലായത്. ശനിയാഴ്ചയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ടൂ-വീലർ ഷോറും ഉടമായ അഭിഷേക് ഗുപ്ത ഹഥ്റാസിലേക്കുള്ള ബസ് യാത്രക്കിടെയാണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ട് പേരെത്തി ഇയാളെ വെടിവെച്ച് കൊല്ലുകയായിരുന്നു. പൂജ ശകുൻ പാണ്ഡേയും ഭർത്താവും അശോക് പാണ്ഡയുമാണ് ഷോറും ഉടമയെ കൊലപ്പെടുത്താൻ വാടകകൊലയാളികളെ ഏർപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. മൊഹദ് ഫൈസൽ, ആസിഫ് എന്നീ രണ്ട് പേരെയാണ് കൊലപാതകം നടത്താൻ ഇവർ വാടകക്കെടുത്തത്.
കേസിലെ പ്രതികളായ രണ്ട് ഷൂട്ടർമാരും പൂജയുടെ ഭർത്താവും പിടയിലായിട്ടുണ്ട്. കേസിലെ പ്രധാന പ്രതിയായ ആസിഫിനെ ഡൽഹി-കാൺപൂർ ഹൈവേയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ പൂജ ശകുൻ പാണ്ഡ ഒളിവിലായിരുന്നു. കേസിലെ പ്രതികളായ രണ്ട് ഷൂട്ടർമാരും ദീർഘകാലമായി പൂജ പാണ്ഡേയുടെ വീട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു.
അഭിഷേക് ഗുപ്തയെ കൊലപ്പെടുത്തിയാൽ അഞ്ച് ലക്ഷം രൂപ പ്രതിഫലം നൽകാമെന്നായിരുന്നു പൂജയും ഭർത്താവും രണ്ട് ഷൂട്ടർമാരോടും പറഞ്ഞത്. പിന്നീട് മൂന്ന് ലക്ഷം രൂപക്ക് ഇടപാട് ഉറപ്പിക്കുകയായിരുന്നു. നേരത്തെ ഗാന്ധിചിത്രത്തിന് നേരെ വെടിയുതിർത്ത ഹിന്ദുമഹാസഭ നേതാവിന്റെ നടപടി വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

