‘സംസ്കാരത്തിന് ചേർന്നതല്ല...’ -ഫാഷൻ ഷോ റിഹേഴ്സൽ തടസ്സപ്പെടുത്തി ഹിന്ദുത്വ സംഘടന പ്രവർത്തകർ
text_fieldsഡെറാഡൂണ്‍: സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന് പറഞ്ഞ് ഉത്തരാഖണ്ഡിലെ ഋഷികേശിൽ നടക്കുകയായിരുന്ന ഫാഷന്‍ ഷോ റിഹേഴ്‌സല്‍ തടസപ്പെടുത്തി ഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍. നഗരത്തിലെ ഹോട്ടലിൽ മിസ് ഋഷികേശ് മത്സരത്തിന്റെ റിഹേഴ്‌സൽ നടക്കവെ രാഷ്ട്രീയ ഹിന്ദു ശക്തി സംഗതൻ എന്ന സംഘടനയുടെ പ്രവർത്തകർ സ്ഥലത്തെത്തുകയായിരുന്നു. പരിപാടി ഉത്തരാഖണ്ഡിന്‍റെ സംസ്കാരത്തിന് എതിരാണെന്ന് പറഞ്ഞ് പ്രവർത്തകർ ഫാഷൻ ഷോ സംഘാടകരുമായി തർക്കമുണ്ടായി. സംഭവത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്.
ഉത്തരാഖണ്ഡിന്റെ സംസ്‌കാരത്തിന് വിരുദ്ധമായ വസ്ത്രങ്ങളാണ് സ്ത്രീകൾ ധരിക്കുന്നുവെന്ന് പറഞ്ഞ് തർക്കിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. മത്സരാർത്ഥികളും നൃത്തസംവിധായകരും പരിശീലനം നടത്തവെ ഹിന്ദുത്വ സംഘടന പ്രവർത്തകർ വേദിയിലേക്ക് വരികയായിരുന്നെന്നും യുവതികൾ ധരിച്ച വസ്ത്രത്തെ എതിർത്ത് സംസാരിച്ചെന്നും അഞ്ച് വർഷമായി മത്സരം നടത്തിവരുന്ന ലയൺസ് ക്ലബ് റോയലിന്റെ ഡയറക്ടർ ധീരജ് മഖിജ പറഞ്ഞു.
ലയൺസ് ദീപാവലി മേളയുടെ ഭാഗമായാണ് ഷോ നടത്തുന്നത്. മുമ്പ് ഒരിക്കലും ഇത്തരം എതിർപ്പുകൾ നേരിട്ടിട്ടില്ല. വലിയ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ പ്രദേത്തെ സ്ത്രീകൾക്ക് ഞങ്ങൾ വേദി ഒരുക്കുകയാണ്. ഇതിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന മികച്ച അഞ്ച് മത്സരാർത്ഥികൾക്ക് മിസ് ഉത്തരാഖണ്ഡ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ സംസ്കാരത്തെ നമ്മൾ ധരിക്കുന്ന വസ്ത്രങ്ങളുടെ അടിസ്ഥാനത്തിൽ നിർവചിക്കാൻ കഴിയില്ലെന്ന് മത്സരാർഥികളിലൊരാളായ മുസ്കാൻ ശർമ പറഞ്ഞു. ഈ രാജ്യം വൈവിധ്യമാർന്ന സംസ്കാരങ്ങളുടെ നാടാണ്, എല്ലാവരെയും ബഹുമാനിക്കണം. വിദേശികൾ ഋഷികേശ് സന്ദർശിക്കുന്നുണ്ട്. അവർ ഉത്തരാഖണ്ഡിൽ വരുമ്പോൾ വസ്ത്രം മാറാൻ അവരോട് ഞങ്ങൾ ആവശ്യപ്പെടാറില്ല എന്നും മുസ്കാൻ ശർമ പറഞ്ഞു.
മിസ് ഋഷികേശ് മത്സരം നിശ്ചയിച്ചതുപോലെ നടന്നുവെന്നും റിഹേഴ്‌സൽ തടസ്സപ്പെടുത്തിയ സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
2017 ജനുവരിയിൽ രജിസ്റ്റർ ചെയ്ത സംഘടനയാണ് രാഷ്ട്രീയ ഹിന്ദു ശക്തി സംഘതൻ. ലവ് ജിഹാദ്, മതപരിവർത്തനം തുടങ്ങിയ വിഷയങ്ങളിലാണ് പ്രവർത്തനമെന്ന് സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

