വിവരാവകാശ കമീഷനിലെ ഒഴിവുകൾ; കേന്ദ്രവും ഏഴ് സംസ്ഥാനങ്ങളും സത്യവാങ്മൂലം നൽകണം
text_fieldsന്യൂഡൽഹി: കേന്ദ്ര, സംസ്ഥാന വിവരാവകാശ കമീഷനുകളിലെ ഒഴിവ് നികത്തുന്ന വിഷയത്തിൽ കേന്ദ്രവും ഏഴ് സംസ്ഥാനങ്ങളും നാല് ആഴ്ചക്കകം സത്യവാങ്മൂലം നൽകണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ഇതിൽ എപ്പോഴാണ് ഒഴിവ് നികത്തുന്നത് എന്നകാര്യം വ്യക്തമാക്കണം.
കമീഷനുകളിലെ ഒഴിവ് നികത്താത്തതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. കേന്ദ്ര വിവരാവകാശ കമീഷനിൽ (സി.െഎ.സി) നിലവിൽ നാല് ഒഴിവുകളുണ്ട്. ഡിസംബറിൽ നാല് ഒഴിവുകൂടി വരും. ഒഴിവ് നികത്താൻ 2016ൽ പരസ്യം നൽകിയിട്ടും എന്താണ് നടപടിയില്ലാത്തതെന്ന് കേന്ദ്രം വിശദീകരിക്കണമെന്ന് ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു.
കേന്ദ്രത്തിനുവേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദ് ഹാജരായി. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, ഗുജറാത്ത്, കേരളം, ഒഡിഷ, കർണാടക എന്നിവയാണ് ഒഴിവ് നികത്താത്ത സംസ്ഥാനങ്ങൾ. സമയപരിധിക്കുള്ളിൽ സത്യവാങ്മൂലം നൽകിയില്ലെങ്കിൽ അത് ഗൗരവമായി എടുക്കും. കേന്ദ്രം കേസ് വിചാരണ ദിവസംതന്നെ ഒഴിവ് നികത്താൻ പരസ്യം നൽകിയത് അവരുടെ സമീപനമാണ് വ്യക്തമാക്കുന്നതെന്ന് വിവരാവകാശ പ്രവർത്തക അഞ്ജലി ഭരദ്വാജിനു വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു.
വിഷയത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഒഴിവ് നികത്തുന്ന കാര്യം കോടതി ഉറപ്പാക്കുമെന്നും ബെഞ്ച് പറഞ്ഞു. സി.െഎ.സി മുമ്പാകെ വിവരാവകാശവുമായി ബന്ധപ്പെട്ട 23,500ലധികം പരാതികൾ കെട്ടിക്കിടക്കുന്നതായി ഹരജിക്കാർ പറഞ്ഞു. വിവരാവകാശ നിയമം തന്നെ അട്ടിമറിക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
