Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃണമൂൽ വിമത ക്യാമ്പിൽ ഭിന്നത?; നേതൃത്വം നൽകിയ എംപി യോഗത്തിൽനിന്ന് വിട്ടുനിന്നു

text_fields
bookmark_border
തൃണമൂൽ വിമത ക്യാമ്പിൽ ഭിന്നത?; നേതൃത്വം നൽകിയ എംപി യോഗത്തിൽനിന്ന് വിട്ടുനിന്നു
cancel

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽനിന്ന് വിമതരായി എൻ.സി.പി.ഐയിൽ ചേർന്ന എം.പിമാർക്കിടയിൽ ഭിന്നതയെന്ന് റിപ്പോർട്ടുകൾ. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യത നടപടികളിൽ ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ നോട്ടീസിന് മറുപടി നൽകാൻ വിമതർ രണ്ടാഴ്ച കൂടി സമയം തേടിയിരിക്കെയാണ് ഗ്രൂപ്പിൽ പുതിയ അസ്വസ്ഥതകൾ പുറത്തുവരുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മമത ബാനർജിയുടെ പാർട്ടിയിൽനിന്ന് 20 എം.പിമാർ പാർട്ടി വിട്ട് എൻസിപിഐയിൽ ലയിക്കുകയും പാർലമെന്റിൽ എൻഡിഎ സർക്കാരിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഭാവി നടപടികൾ ചർച്ച ചെയ്യാൻ വ്യാഴാഴ്ച ഉച്ചക്ക് കൊൽക്കത്തയിലെ ഒരു ഹോട്ടലിൽ വിമത എംപിമാർ യോഗം ചേർന്നു. എന്നാൽ, വിമതനീക്കത്തിന് നേതൃത്വം നൽകിയ കാക്കലി ഘോർ ദസ്തീദാർ യോഗത്തിൽനിന്ന് വിട്ടുനിന്നത് ക്യാമ്പിൽ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. എം.പി സുദീപ് ബന്ദോപാധ്യായുടെ നേതൃത്വത്തിലാണ് യോഗം സംഘടിപ്പിച്ചത്.

ജഗദീഷ് ബസുനിയ, അബു താഹർ ഖാൻ, ബാപി ഹാൾദാർ, ശർമിള സർക്കാർ, ഖലീലുർ റഹ്മാൻ, സുദീപ് ബന്ദോപാധ്യായ, ശതാബ്ദി റോയ്, പ്രസൂൺ ബാനർജി, രചന ബാനർജി, അരുപ് ചക്രവർത്തി എന്നിവരാണ് യോഗത്തിൽ പ​ങ്കെടുത്ത പ്രമുഖർ.

എന്നാൽ യോഗത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ എൻസിപിഐ എംപിയും നടിയുമായ രചന ബാനർജി തള്ളി. ഇതൊരു ‘പൂജക്ക് മുമ്പുള്ള ഒത്തുകൂടൽ’ മാത്രമാണെന്നാണ് അവർ വിശേഷിപ്പിച്ചത്. സ്പീക്കർക്ക് മറുപടി നൽകാൻ കൂടുതൽ സമയം തേടുന്നത് പാർട്ടി നയമാണെന്നും അതൊരു പരസ്പര തീരുമാനമായിരുന്നുവെന്നും അവർ വ്യക്തമാക്കി.

യോഗത്തിൽ പലരും പങ്കെടുക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ, രണ്ട് ദിവസത്തെ നോട്ടീസ് മാത്രമുള്ളതിനാലാണ് ചിലർക്ക് എത്താൻ കഴിയാത്തതെന്നും എല്ലാ എം.പിമാരും ഒന്നിച്ചുണ്ടെന്നും രചന ബാനർജി പറഞ്ഞു. ‘ഞങ്ങളുടെ ചീഫ് വിപ്പായ കാക്കലി ദീ ഞങ്ങളോടൊപ്പമുണ്ട്. കുടുംബപരമായ ചില പ്രശ്നങ്ങൾ കാരണമാണ് അവർക്ക് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നത്’-അവർ കൂട്ടിച്ചേർത്തു.

ചില എൻസിപിഐ എംപിമാർ പാർട്ടിയുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽനിന്ന് പുറത്തുപോയെന്ന സംശയങ്ങളെയും രചന ബാനർജി തള്ളിക്കളഞ്ഞു. ഈ പ്രചാരണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും തങ്ങളെല്ലാവരും ഗ്രൂപ്പിലുണ്ടെന്നും അവർ വ്യക്തമാക്കി. ഇടക്ക് ഗ്രൂപ്പിന്റെ പേര് മാറ്റാറുണ്ടെന്നത് മാത്രമാണ് യാഥാർഥ്യമെന്നും അവർ പറഞ്ഞു.

തൃണമൂലിന്റെ 27 ലോക്സഭാ എംപിമാരിൽ 20 പേർ പാർട്ടി വിട്ട് എൻസിപിഐയിൽ ചേരുകയും ബിജെപി നേതൃത്വത്തിലുള്ള എൻ.ഡി.എക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെ, ജൂൺ 18നാണ് തൃണമൂൽ നേതാവ് അഭിഷേക് ബാനർജി ഇവർക്കെതിരെ അയോഗ്യത ഹർജി സമർപ്പിച്ചത്.

ലോക്സഭയിൽ പ്രത്യേക രാഷ്ട്രീയ കക്ഷിയായി അംഗീകാരം തേടിയെങ്കിലും പാർലമെന്ററി രേഖകളിൽ ഇവർ ഇപ്പോഴും തൃണമൂൽ അംഗങ്ങളായിട്ടാണ് തുടരുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rift In TMC Rebel Camp? MP Skips Meeting
Next Story