മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിൽ വിള്ളൽ; ബി.ജെ.പി വോട്ടർമാർക്ക് കൈക്കൂലി നൽകുന്നുവെന്ന് ഭരണപക്ഷ എം.എൽ.എ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിൽ വിള്ളൽ. ബി.ജെ.പിക്കെതിരെ ആരോപണവുമായി ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗം എം.എൽ.എ തന്നെ രംഗത്തെത്തി. ബി.ജെ.പി തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആളുകൾക്ക് പണം നൽകുന്നുവെന്ന ഗൗരവമായ ആരോപണമാണ് എം.എൽ.എ നിലേഷ് റാണെ ഉന്നയിച്ചിരിക്കുന്നത്.
ബി.ജെ.പി പ്രവർത്തകന്റെ വീട്ടിൽ നടത്തിയ സ്റ്റിങ് ഓപ്പറേഷനൊടുവിലാണ് ഇക്കാര്യം വ്യക്തമായതെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി പ്രവർത്തകൻ വിജയ് കേനവാഡ്കറിന്റെ കനകവളളിയിലെ വീട്ടിൽ താൻ പണമടങ്ങിയ ബാഗുകൾ കണ്ടുവെന്ന് എം.എൽ.എ പറഞ്ഞു. ഇത് ജനങ്ങളെ സ്വാധീനിക്കാൻ വേണ്ടിയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഇതിന്റെ ദൃശ്യങ്ങളെന്ന് അവകാശപ്പെട്ട് ചില വിഡിയോകളും എം.എൽ.എ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ഇതിന് പുറമേ സംഭവത്തിൽ പ്രാദേശിക പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിട്ടുണ്ട്. എന്നാൽ, പരാതി നൽകി 24 മണിക്കൂർ കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് കമീഷനോ പൊലീസോ ഒരു നടപടിയും എടുത്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ബിസിനസിന് വേണ്ടി മാറ്റിവെച്ച പണമാണ് കണ്ടെടുത്തതെന്ന ബി.ജെ.പി പ്രവർത്തകന്റെ വാദവും അംഗീകരിക്കാൻ അദ്ദേഹം തയാറായില്ല. ബിസിനസിന് വേണ്ടി മാറ്റിവെച്ച പണമാണെങ്കിൽ അതിന്റെ തെളിവുകൾ ബി.ജെ.പി പ്രവർത്തകൻ പുറത്ത് വിടേണ്ടിയിരുന്നു. താൻ ആരോപണം ഉന്നയിച്ചപ്പോൾ തന്നെ അക്കാര്യത്തിൽ അദ്ദേഹം വ്യക്തത വരുത്തുകയും ചെയ്യണമായിരുന്നു. എന്നാൽ, ഇത് രണ്ടും ബി.ജെ.പി പ്രവർത്തകന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

