ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാെയ സന്ദർശിച്ചു. കർഷകസമരത്തിന്‍റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.
കർഷക സമരത്തിന്‍റെ പ്രഭവകേന്ദ്രം ഹരിയാനയാണെന്ന് ഖട്ടർ അമിത് ഷായെ ധരിപ്പിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റും സഖ്യകക്ഷിയായ ജെ.ജെ.പിയുടെ സംസ്ഥാന പ്രസിഡന്‍റും കൂടിക്കാഴ്ചയിലുണ്ടായിരുന്നു.
കർഷക സമരത്തെചൊല്ലി ഹരിയാനയിലെ ബി.ജെ.പി-െജ.ജെ.പി ബന്ധത്തിൽ ഉലച്ചിലുണ്ടെന്ന് വാർത്തകൾ പരന്നിരുന്നു. 2019ൽ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടാനാവാത്തതിനെത്തുടർന്ന് ജെ.ജെ.പി പിന്തുണയിലാണ് ബി.ജെ.പി ഭരണം പിടിച്ചത്.
കാർഷികമേഖലയിൽ സ്വാധീനമുളള ജെ.ജെ.പി കർഷകരുടെ ഇടയിൽ നിന്നും തിരിച്ചടി ഭയക്കുന്നുണ്ട്്. ഖട്ടർ സർക്കാറിനുള്ള പിന്തുണ പിൻവലിക്കാൻ ജെ.ജെ.പി എം.എൽ.എമാർ ഒരുങ്ങിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത്തരം വാർത്തകൾ ഖട്ടർ നിഷേധിച്ചു. ഹരിയാനയിൽ അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ജെ.ജെ.പി-ബി.ജെ.പി സഖ്യത്തിന് അടിപതറിയിരുന്നു.