ബംഗളൂരു: ഇന്ധന വില വർധനക്കെതിരെ സൈക്കിൾ ചവിട്ടിയും എൽ.പി.ജി സിലിണ്ടറിെൻറ മാതൃക കൈയിലേന്തി റാലി നടത്തിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രതിഷേധം. തിങ്കളാഴ്ച കോലാറിലെ മാലൂരിൽ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് രാഹുലിെൻറ വ്യത്യസ്ത പ്രതിഷേധം അരങ്ങേറിയത്. പാർട്ടിപ്രവർത്തകരും പൊതുജനങ്ങളും ഉൾപ്പെടെ ആയിരങ്ങൾ റോഡിനരികിൽ നിരന്നതോടെ സുരക്ഷാ ഉറപ്പാക്കാൻ എസ്.പി.ജി അംഗങ്ങൾ നന്നേ പാടുപ്പെട്ടു.
മൂന്നുദിവസത്തെ പ്രചാരണത്തിനായി രാവിലെയാണ് രാഹുൽ മാലൂരിലെത്തിയത്. പ്രത്യേക വാഹനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് റോഡ് ഷോ. ഇതിനിടെ അപ്രതീക്ഷിതമായാണ് ഇന്ധനവില വർധനക്കെതിരെ പ്രതിഷേധിക്കാൻ രാഹുൽ റോഡിലിറങ്ങി സൈക്കിൽ ചവിട്ടിയത്. ഇതോടെ വെട്ടിലായത് നേതാക്കളും. രാഹുലിെൻറ സൈക്കിളിനു പിന്നാലെ ഓടി നേതാക്കൾ ശരിക്കും വിയർത്തു. റോഡരികിൽ കാത്തുനിന്ന ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്തായിരുന്നു സൈക്കിൾ യാത്ര. പിന്നാലെ എൽ.പി.ജി സിലിണ്ടറിെൻറ മാതൃക ഉയർത്തി പദയാത്രയും.
ടൗണിലെ ബാലാജി സർക്കിളിൽ കാളവണ്ടിയിൽ കയറിനിന്നായിരുന്നു രാഹുൽ വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തത്. പ്രസംഗത്തിലുടനീളം നരേന്ദ്ര മോദി സർക്കാറിനെതിരെ ആഞ്ഞടിച്ചു. രാജ്യത്തെ നിർധനരുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാർ ഒന്നും ചെയ്തില്ല. മോദി അഴിമതിയെ കുറിച്ചാണ് സംസാരിക്കുന്നത്. ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രി പദത്തിലിരിക്കെ അഴിമതി കേസിൽ കുടുങ്ങി ജയിലിലേക്ക് പോയത് മോദിക്ക് ഓർമയില്ലെ? ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി (യെദിയൂരപ്പ) എത്ര ദിവസം ജയിലിൽ കിടുന്നുവെന്നും എത്രപണം അദ്ദേഹം കൊള്ളയടിച്ചുവെന്നും വെളിപ്പെടുത്താനും രാഹുൽ മോദിയെ വെല്ലുവിളിച്ചു.