മുംബൈ: മയക്കുമരുന്ന് കേസിൽ ബോളിവുഡ് നടി റിയ ചക്രബർത്തി ജാമ്യാപേക്ഷ സമർപ്പിച്ചു. മുംബൈയിലെ പ്രത്യേക കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. കോടതി ഇത് നാളെ പരിഗണിക്കും. റിയയുടെ സഹോദരൻ ഷോവികും പ്രത്യേക കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഇരുവരുടേയും ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.
നിരപരാധിയാണെന്നും തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നും റിയ ഹരജിയിൽ പറയുന്നു. നിർബന്ധത്തിന് വഴങ്ങിയാണ് താൻ കുറ്റസമ്മതം നടത്തിയതെന്നും റിയ ഹരജിയിൽ വ്യക്തമാക്കി. നേരത്തെ ഹരജി കേൾക്കുന്നതിൽ മജിസ്ട്രേറ്റ് കോടതിക്ക് അധികാരമുണ്ടോയെന്ന വാദം പ്രോസിക്യൂഷൻ ഉയർത്തിയതിനെ തുടർന്നാണ് റിയയുടെ ഹരജി തള്ളിയത്.
എൻ.ഡി.പി.എസ് നിയമത്തിലെ 27ാം വകുപ്പ് പ്രകാരമാണ് റിയ ചക്രബർത്തിക്കെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ റിയക്കും സഹോദരനും 10 വർഷം വരെ തടവും രണ്ട് ലക്ഷത്തിൽ കുറയാത്ത തുക പിഴശിക്ഷയും ലഭിക്കാം.