മുംബൈ: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബോളിവുഡ് നടി റിയ ചക്രബർത്തി ജയിൽ മോചിതയായി. ഒരു മാസത്തെ ജയിൽവാസത്തിന് ശേഷം ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചതോടെയാണ് അവർ ജയിൽ മോചിതയായത്. ബൈക്കുള ജയിലിൽ നിന്നും പുറത്തുവന്ന അവർ വൈകീട്ടോടെ സ്വന്തം വസതിയിലെത്തി.
കടുത്ത വ്യവസ്ഥകളോടെയാണ് റിയ ചക്രബർത്തിക്ക് ജാമ്യം അനുവദിച്ചത്. 10 ദിവസത്തിലൊരിക്കൽ മുംബൈ പൊലീസിന് മുമ്പാകെയും മാസത്തിലൊരിക്കൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ മുമ്പാകെയും ഹാജരാകണമെന്നാണ് ഉത്തരവ്. ഇതിന് പുറമേ ഒരു ലക്ഷം രൂപയുടെ ബോണ്ടും റിയ കോടതിയിൽ നൽകിയിട്ടുണ്ട്.
റിയ ചക്രബർത്തിക്കൊപ്പം സുശാന്തിെൻറ സുഹൃത്തുക്കളായ ദീപേഷ് സാവന്ത്, സാമുവൽ മിറാണ്ട എന്നിവർക്കും കോടതി ജാമ്യം അനുവദിച്ചു. റിയുടെ സഹോദരൻ സൗവിക് ചക്രബർത്തിക്ക് കോടതി ജാമ്യം നൽകിയില്ല.