റിയ ചക്രവർത്തിക്ക് മയക്കുമരുന്ന് ഇടപാടുകൾ?; സുശാന്തിനും നൽകിയിരുന്നതായി സൂചന
text_fieldsബോളിവുഡ് നടൻ സുശാന്ത്സിങ് രാജ്പുതിെൻറ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. നടെൻറ കാമുകിയും നിലവിൽ പൊലീസ് കസ്റ്റഡിയിൽ തുടരുന്നയാളുമായ റിയ ചക്രവർത്തിക്ക് മയക്കുമരുന്ന് ഇടപാടുകാരുമായി ബന്ധമുണ്ടെന്ന് സൂചന. ഇതുസംബന്ധിച്ച വാട്സ് ആപ് മെസ്സേജുകൾ പുറത്തുവന്നു.
റിയയുടെ മൊബൈൽ ഫോണിൽ നിന്ന് ചില വാട്സ്ആപ്പ് ചാറ്റുകൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ ഡി) കണ്ടെടുത്തിട്ടുണ്ട്. സഹോദരൻ ഷോയിക് ചക്രവർത്തി, സുശാന്തിെൻറ മാനേജർ സാമുവൽ മിറാൻഡ, വീട്ടുജോലിക്കാരൻ ദീപേഷ് സാവന്ത് എന്നിവരുമായുള്ള റിയയുടെ ചാറ്റ് റിപ്പോർട്ടുകളാണ് പുറത്തുവന്നത്.
മയക്കുമരുന്ന് കച്ചവടക്കാരനായ ഗൗരവ് ആര്യയോട് 'കടുത്ത മരുന്നുകള്‍ ഞാന്‍ അധികം ഉപയോഗിച്ചിട്ടില്ല, എം.ഡി.എം.എ ഒരിക്കൽ ഉപയോഗിച്ചു. നിങ്ങളുടെ കൈയില്‍ എം ഡി ഉണ്ടോ' എന്നാണ് നടി ചോദിക്കുന്നത്. 'ചായയിൽ നാല് തുള്ളി ഒഴിച്ച് കൊടുക്കുക, അയാൾ അത് കുടിക്കട്ടെ. കിക്ക് ആവാൻ 30-40 മിനിറ്റ് എടുക്കും'എന്നാണ് ജയസാഹയും റിയയും തമ്മിലുള്ള ചാറ്റ്.
'ഹായ് റിയ, സാധനം ഏതാണ്ട് തീർന്നുപോയി' എന്നും 'ഷൗകിെൻറ സുഹൃത്തിൽ നിന്ന് വാങ്ങിയാലൊ. പക്ഷെ അവെൻറ കയ്യിൽ ഹാഷും ബഡും മാതമെ ഉള്ളൂ' എന്നുമാണ് മിരാൻഡ റിയക്ക് മെസ്സേജ് അയച്ചിരിക്കുന്നത്. പുതിയ ആരോപണങ്ങളെ തുടർന്ന് കേസിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷണം ആരംഭിച്ചു.
'റിയ ചക്രവർത്തി ജീവിതത്തിൽ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന്' അവരുടെ അഭിഭാഷകൻ പറഞ്ഞു. ഇതുസംബന്ധിച്ച് എപ്പോൾ വേണമെങ്കിലും രക്തപരിശോധനയ്ക്ക് റിയ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സിബിഐയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും ഇതിനകം അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസിൽ ഇതോടെ മൂന്നാമതൊരു ഏജൻസിയായ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും ഇടപെടുകയാണ്.

