ആർ.ജികർ ബലാത്സംഗ കൊലപാതകം: നീതി ഉറപ്പാക്കൻ ആർ.എസ്.എസ് അധ്യക്ഷൻ ഇടപെടണമെന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ
text_fieldsകൊൽക്കത്ത: ആർ.ജികർ ബലാത്സംഗ കൊലപാതകത്തിൽ ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവതിന്റെ ഇടപെടൽ ആവശ്യപ്പെട്ട് പെൺകുട്ടിയുടെ രക്ഷിതാക്കൾ. മകൾക്ക് നീതി ഉറപ്പാക്കാൻ മോഹൻ ഭാഗവത് ഇടപെടണമെന്നാണ് ആവശ്യം. പശ്ചിമബംഗാളിൽ സംഘടനാകാര്യങ്ങൾക്കായി എത്തിയ മോഹൻ ഭാഗവത് പെൺകുട്ടിയുടെ രക്ഷിതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കൊൽക്കത്തയിലെ ന്യു ടൗണിലെ ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. നീതി ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഭാഗവത് പെൺകുട്ടിയുടെ കുടുംബത്തിന് ഉറപ്പ് നൽകി. വെള്ളിയാഴ്ചയാണ് ആർ.എസ്.എസ് മേധാവിയുമായി കൂടിക്കാഴ്ച നടത്താനുള്ള ആഗ്രഹം പെൺകുട്ടിയുടെ കുടുംബം പ്രകടിപ്പിച്ചത്. കാലതാമസമില്ലാതെ ശനിയാഴ്ച തന്നെ ഇതിനുള്ള അവസരമൊരുക്കുകയായിരുന്നുവെന്ന് ആർ.എസ്.എസ് സംസ്ഥാനനേതൃത്വം അറിയിച്ചു.
കൂടിക്കാഴ്ചയിൽ കേസിൽ ശരിയായ അന്വേഷണം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പെൺകുട്ടിയുടെ കുടുംബം ആർ.എസ്.എസ് അധ്യക്ഷനോട് ആവശ്യപ്പെട്ടുവെന്നാണ് വിവരം. ഇക്കാര്യത്തിൽ കേന്ദ്രസർക്കാറിൽ സമ്മർദം ചെലുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
നേരത്തെ പെൺകുട്ടിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും നൽകാൻ സംസ്ഥാനത്തെ ആർ.എസ്.എസ് നേതൃത്വത്തിന് മോഹൻ ഭാഗവത് നിർദേശം നൽകിയിരുന്നു. നിയമസഹായം ഉൾപ്പടെ നൽകണമെന്നാണ് മോഹൻ ഭാഗവത് നൽകിയിരിക്കുന്ന നിർദേശമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

