പ്രസവത്തിനിടെ യുവതിയും നവജാത ശിശുവും മരിച്ചു; രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ
text_fieldsറീവ: മധ്യപ്രദേശിലെ റീവ ഗാന്ധി മെമ്മോറിയൽ സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു. ഗൈനക്കോളജി വിഭാഗത്തിലെ ഡോ. സോണൽ അഗർവാളിനെയും അനസ്തേഷ്യ വിഭാഗത്തിലെ ഡോ. നിധി പാണ്ഡെയെയുമാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ അന്വേഷണം നടത്താൻ അഞ്ചംഗ സമിതിയെ നിയോഗിച്ചതായും മധ്യപ്രദേശ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല അറിയിച്ചു.
റീവയിലെ ബൈകുന്ത്പുർ മേഖലയിലെ ഹത്വ ഗ്രാമവാസിയായ കൽപന മിശ്രയെ ആഗസ്റ്റ് 25ന് രാത്രിയാണ് പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആഗസ്റ്റ് 26ന് പുലർച്ചെ ഒരുമണിയോടെ പ്രസവത്തിനിടെ കൽപനയും കുഞ്ഞും മരിക്കുകയായിരുന്നു.
തുടർന്ന് ചികിത്സയിലെ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. ഇതിനിടെ, കൽപനയുടെ മരണത്തിന് തൊട്ടുമുമ്പുള്ളതെന്ന് പറയപ്പെടുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് പുറത്തേക്ക് വരുന്നതിനിടെ ഡോക്ടർമാർ തന്നെ കൊല്ലാൻ ശ്രമിക്കുന്നുവെന്ന് കൽപന പറയുന്നതും ബന്ധുക്കളോട് രക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നതുമാണ് വീഡിയോയിലുള്ളതെന്നും രാജേന്ദ്ര ശുക്ല പറഞ്ഞു.
മധ്യപ്രദേശ് ആരോഗ്യവകുപ്പിലെ ഡയറക്ടർ റെഗുലേഷൻ ആൻഡ് പോളിസി ഡോ. ബീനു കുശ്വാഹ അധ്യക്ഷയായ അഞ്ചംഗ സമിതി സംഭവത്തെക്കുറിച്ച് അന്വേഷിക്കും. റീവ ഡിവിഷൻ റീജിയണൽ ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസ് ഡോ. ജി.എസ്. പരിഹാർ, ജബൽപൂർ എൻ.എസ്.സി.ബി മെഡിക്കൽ കോളജിലെ ഡോ. ഭഗവാൻ സിങ് യാദവ്, ഡോ. ശ്വേത സിർസികർ, എൻ.എച്ച്.എം മധ്യപ്രദേശ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പങ്കജ് ബുധോലിയ എന്നിവരാണ് മറ്റ് സമിതി അംഗങ്ങൾ.
മൂന്ന് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നിർദേശം നൽകിയിരിക്കുന്നത്. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മധ്യപ്രദേശ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

