വാടക ഗർഭധാരണ നിയമം പുതുക്കി; ഇനി അണ്ഡമോ ബീജമോ പുറത്തുനിന്ന് സ്വീകരിക്കാം
text_fieldsന്യൂഡൽഹി: വാടക ഗർഭധാരണം സംബന്ധിച്ച നിയമങ്ങൾ കേന്ദ്രം പുതുക്കി. കുഞ്ഞുവേണമെന്ന് ആഗ്രഹിക്കുന്ന ദമ്പതികൾക്ക് അനിവാര്യമായ ഘട്ടത്തിൽ അണ്ഡമോ ബീജമോ പുറത്തുനിന്ന് സ്വീകരിക്കാൻ ചട്ടം അനുമതി നൽകുന്നു.
ദമ്പതികളിലൊരാൾക്ക് അണ്ഡമോ ബീജമോ സ്വീകരിക്കേണ്ട ആരോഗ്യ അവസ്ഥയാണുള്ളതെങ്കിൽ അത് അനുവദിക്കാമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ജില്ല മെഡിക്കൽ ബോർഡിന്റെ അനുമതിയോടെയായിരിക്കണം ഇത്. ഗുരുതര ആരോഗ്യപ്രശ്നമുള്ള സ്ത്രീക്ക് ഇത്തരത്തിൽ അണ്ഡം സ്വീകരിച്ച് ഗർഭം ധരിക്കാൻ കഴിഞ്ഞ വർഷം സുപ്രീംകോടതി അനുമതി നൽകിയിരുന്നു. 2023ലെ നിയമത്തിന് മുമ്പ് ബീജം ദാനം ചെയ്യാനാകുമായിരുന്നില്ല.
പുതിയ തീരുമാനം ആരോഗ്യമേഖലയിലുള്ളവർ പൊതുവിൽ സ്വാഗതം ചെയ്തു. അതേസമയം, വിവാഹമോചിതകൾക്കും വിധവകൾക്കും പുതിയ ഭേദഗതിയുടെ ആനുകൂല്യം ലഭിക്കില്ല. ദമ്പതികളല്ലാതെ തനിച്ച് വാടക ഗർഭം തിരഞ്ഞെടുക്കുന്ന വനിതകൾ സ്വന്തം അണ്ഡവും ദാതാക്കളുടെ ബീജവും ഉപയോഗിക്കണമെന്നാണ് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. വാടകഗർഭം തിരഞ്ഞെടുക്കുന്നവർ സ്വന്തം അണ്ഡവും ബീജവും ഉപയോഗിക്കണമെന്ന നിയമം വാടകഗർഭത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കുന്നതാണെന്ന് നേരത്തെ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഈ നിരീക്ഷണം നടത്തിയ കോടതി, അമ്മമാരാകാൻ അണ്ഡം പുറത്തുനിന്ന് സ്വീകരിക്കുന്നതിന് അനുവദിക്കണമെന്നാവശ്യപ്പെടുന്ന രണ്ടു ഡസനിലധികം ഹരജികൾ സ്വീകരിക്കുകയും ചെയ്തു.
തുടർന്ന്, ഇക്കാര്യത്തിൽ എന്താണ് കേന്ദ്രം തീരുമാനമെടുക്കാത്തത് എന്ന് ചോദിച്ചിരുന്നു. തുടർന്നാണ്, അടിയന്തരമായി നിയമം പുതുക്കിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

