രേവന്ത് റെഡ്ഡി ബി.ആർ.എസിൽ ചേരുമെന്ന് ബി.ജെ.പി എം.എൽ.എ
text_fieldsഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ബി.ആർ.എസിൽ ചേരുമെന്ന പ്രവചനവുമായി ബി.ജെ.പി എം.എൽ.എ. ബി.ജെ.പി എം.എൽ.എയായി അലിതി മഹേശ്വർ റെഡ്ഡിയാണ് രേവന്ത് വൈകാതെ ബി.ആർ.എസിലെത്തുമെന്ന് പ്രവചിച്ചത്. രേവന്ത് കോൺഗ്രസിൽ സുരക്ഷിതനല്ല. വൈകാതെ അദ്ദേഹം പാർട്ടി വിട്ട് ബി.ആർ.എസിൽ ചേരും.
കോൺഗ്രസിൽ മൂന്ന് ഗ്രൂപ്പുകളുണ്ട്. ഒന്ന് ടി.ഡി.പി വിട്ട് വന്ന നേതാക്കളുടെ ഗ്രൂപ്പാണ്. രണ്ടാമത്തേത് ബി.ആർ.എസിൽ നിന്നും വന്ന നേതാക്കളുടെ ഗ്രൂപ്പ്. മൂന്നാമത്തേതാണ് യഥാർഥ കോൺഗ്രസ്. ഈ മൂന്ന് ഗ്രൂപ്പുകളും കോൺഗ്രസിൽ അധികാരം സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രേവന്ത് റെഡ്ഡിയുടെ ഇന്നലത്തെ പ്രസ്താവന തെളിയിക്കുന്നത് പാർട്ടിയിൽ അദ്ദേഹത്തെ പരാജയപ്പെടുത്താൻ ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് തന്നെയാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവന കോൺഗ്രസിൽ ഗ്രൂപ്പുണ്ടെന്നതിനും തെളിവാണ്. രേവന്ത് റെഡ്ഡിയെ വീഴ്ത്താനുള്ള ശ്രമങ്ങളാണ് കോൺഗ്രസിൽ നടക്കുന്നത്. അതുകൊണ്ട് ബി.ആർ.എസിൽ നിന്നും എം.എൽ.എമാരെ അടർത്തിയെടുത്ത് പിടിച്ചുനിൽക്കാൻ റെഡ്ഡി ശ്രമിച്ചു. എന്നാൽ, മൂന്ന് എം.എൽ.എമാർ മാത്രമാണ് ബി.ആർ.എസിൽ നിന്നും രേവന്ത് റെഡ്ഡിക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയതെന്നും ബി.ജെ.പി എം.എൽ.എ അവകാശപ്പെട്ടു.
ബി.ആർ.എസിൽ നിന്നും എം.എൽ.എമാരെ ചാക്കിട്ട് പിടിക്കാൻ സാധിച്ചില്ലെങ്കിൽ 25 മുതൽ 30 വരെ എം.എൽ.എമാരുമായി രേവന്ത് റെഡ്ഡി പാർട്ടി വിട്ട് ബി.ആർ.എസിൽ ചേരുമെന്നും ബി.ജെ.പി എം.എൽ.എ കൂട്ടിച്ചേർത്തു.
രേവന്ത് റെഡ്ഡി ബി.ജെ.പിയിൽ ചേരുമെന്ന കെ.ടി.ആറിന്റെ പ്രസ്താവനയെ സംബന്ധിച്ച ചോദ്യത്തോട് തങ്ങൾക്ക് സർക്കാർ രൂപീകരിക്കാനുള്ള എം.എൽ.എമാരുടെ പിന്തുണയില്ലെന്നായിരുന്നു മഹേശ്വറിന്റെ മറുപടി. ഞങ്ങൾക്ക് എട്ട് എം.എൽ.എമാർ മാത്രമാണ് ഉള്ളത്. ബി.ആർ.എസിന് 39 എം.എൽ.എമാരുണ്ട്. അവരോടൊപ്പം ചേർന്നാൽ മാത്രമേ രേവന്ത് റെഡ്ഡിക്ക് മുഖ്യമന്ത്രിയായി തുടരാനാവുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

