‘ശിവൻ പാവങ്ങളുടെ ദൈവം, രാമൻ സമ്പന്നരുടെ ദൈവം’; രേവന്ത് റെഡ്ഡിയുടെ പരാമർശത്തിൽ പ്രതിഷേധവുമായി ബി.ജെ.പി
text_fieldsന്യൂഡൽഹി: ശ്രീരാമനെയും ശിവനെയും പരാമർശിച്ച് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി നടത്തിയ പ്രസ്താവനയിൽ രാഷ്ട്രീയ വിവാദം. ന്യൂഡൽഹിയിൽ തിങ്കളാഴ്ച നടന്ന ഒരു മാധ്യമ പരിപാടിയിലായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമർശം.
ബി.ജെ.പി നേതാക്കൾ വേദികളിൽ ‘ജയ് ശ്രീറാം’ എന്ന് പറയുന്നതിനെക്കുറിച്ച് ആരാഞ്ഞ രേവന്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി നേതാക്കളും ‘ഹർ ഹർ മഹാദേവ്’ എന്ന് പറയാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചു. ‘ഞങ്ങൾ ദ്രാവിഡരാണ്, അവർ ആര്യരാണ്. ഞങ്ങൾ ശിവഭക്തരാണ്, അവർ രാമഭക്തരാണ്’ എന്നായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമർശം. ശിവൻ പാവങ്ങളുടെ ദൈവവും രാമൻ സമ്പന്നരുടെ ദൈവവുമാണെന്നും ബി.ജെ.പി സമ്പന്നരുടെ പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും നിലനിൽക്കുന്ന രാഷ്ട്രീയ സാംസ്കാരിക വ്യത്യാസങ്ങളെക്കുറിച്ചുള്ള ചർച്ചക്കിടെയായിരുന്നു രേവന്തിന്റെ പരാമർശം.
അതേസമയം, രേവന്ത് റെഡ്ഡിയുടെ പരാമർശത്തിനെതിരെ ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തി. മതപരവും പ്രാദേശികവുമായ വേർതിരിവുകൾ സൃഷ്ടിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് കേന്ദ്രമന്ത്രി കൂടിയായ ബി.ജെ.പി നേതാവ് ബണ്ടി സഞ്ജയ് കുമാർ ആരോപിച്ചു. രാഷ്ട്രീയ നേട്ടത്തിനായി ഭഗവാൻ രാമനെയും ഭഗവാൻ ശിവനെയും തമ്മിൽ വേർതിരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേതെന്ന് അദ്ദേഹം ആരോപിച്ചു.
തെലങ്കാനയിലെ വേമുലവാഡയെ ‘ദക്ഷിണ കാശി’യെന്നും ഭദ്രാചലത്തെ ‘ദക്ഷിണ അയോധ്യ’യെന്നും പരാമർശിച്ച ബണ്ടി സഞ്ജയ്, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡി മതപരമായ പാരമ്പര്യങ്ങളെ വടക്ക് തെക്ക് എന്ന രീതിയിൽ വിഭജിക്കരുതെന്നും പറഞ്ഞു. ബി.ജെ.പി നേതാക്കൾ ശിവനെ ആരാധിക്കാറില്ല എന്ന റെഡ്ഡിയുടെ വാദത്തെ ഖണ്ഡിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാശി വിശ്വനാഥ ക്ഷേത്ര സന്ദർശനവും സഞ്ജയ് കുമാർ ചൂണ്ടിക്കാട്ടി. മതപരവും പ്രാദേശികവുമായ സ്വത്വങ്ങളെ രാഷ്ട്രീയ സമാഹരണത്തിനായി ഉപയോഗിക്കുകയാണ് കോൺഗ്രസെന്ന് ബണ്ടി സഞ്ജയ് ആരോപിച്ചു.
അതേസമയം, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട ലോക്സഭാ മണ്ഡല പുനർനിർണയ വിഷയവും രേവന്ത് റെഡ്ഡി ഉയർത്തിക്കാട്ടി. വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധനയായ എസ്.ഐ.ആർ സംബന്ധിച്ചും രേവന്ത് റെഡ്ഡി പരിപാടിയിൽ വിമർശനം ഉന്നയിച്ചു. എസ്.ഐ.ആറിനെതിരെ രാജ്യവ്യാപകമായി പ്രതിപക്ഷം ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

