കാഞ്ച ഗച്ചിബൗളി പദ്ധതി ഉപേക്ഷിച്ച് രേവന്ത് റെഡ്ഢി സർക്കാർ! സ്ഥലം ഇക്കോ പാർക്കാക്കി മാറ്റും
text_fieldsകാഞ്ച ഗച്ചിബൗളിയിലെ മണ്ണുമാന്തി യന്ത്രങ്ങളും, വിദ്യാർത്ഥി പ്രതിഷേധവും
ഹൈദരാബാദ്: വിദ്യാർഥികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ദിവസങ്ങൾ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ ഹൈദരാബാദിലെ കാഞ്ച ഗച്ചിബൗളിലെ പദ്ധതി ഉപേക്ഷിക്കാനൊരുങ്ങി തെലുങ്കാന സർക്കാർ. ഹൈദരാബാദ് സർവകലാശാലക്ക് സമീപമുള്ള 400 ഏക്കർ ഭൂമി ലേലം ചെയ്യാനുള്ള പദ്ധതിയിൽ നിന്നാണ് സർക്കാർ പിന്നോട്ട് പോകാൻ ശ്രമിക്കുന്നത്. യൂനിവേഴ്സിറ്റി ഓഫ് ഹൈദരാബാദ് ഉൾപ്പെടെ 2000 ഏക്കർ ഭൂമി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇക്കോ പാർക്കുകളിൽ ഒന്നാക്കി മാറ്റാനുള്ള പുതിയ പദ്ധതിയാണ് രേവന്ത് റെഡ്ഢി സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്.
സംസ്ഥാനത്തിന്റെ ഹൃദയമായ കാഞ്ച ഗച്ചിബൗളി സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയോട് ചില മന്ത്രിമാർ നിർദേശിച്ചതായി ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്തു. തടാകങ്ങൾ സംരക്ഷിക്കാൻ മുഖ്യമന്ത്രി സ്ഥാപിച്ച ഹൈദരാബാദ് ദുരന്ത പ്രതികരണ ആസ്തി സംരക്ഷണ ഏജൻസി (എച്ച്.വൈ.ഡി.ആർ.എ) പോലെ കാഞ്ച ഗച്ചിബൗളിയിൽ ഒരു ഇക്കോ പാർക്ക് വികസിപ്പിക്കണമെന്ന് മന്ത്രിമാർ നിർദ്ദേശിച്ചു. ഈ വിഷയത്തിൽ മുഖ്യമന്ത്രി ഔദ്യോഗികമായി തീരുമാനമൊന്നും അറിയിച്ചിട്ടില്ല.
400 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കാഞ്ച ഗച്ചിബൗളി ഭൂമിയിലെ വനം വെട്ടിത്തെളിച്ച് ഐ.ടി പാർക്കുകൾ നിർമ്മിക്കാനുള്ള സർക്കാർ നടപടിക്കെതിരെ വിദ്യാർത്ഥികൾ കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രതിഷേധത്തിലായിരുന്നു. വിഷയം കോടതിയുടെ പരിഗണനയിലാണെങ്കിലും സർക്കാർ നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം സുപ്രിംകോടതി താൽക്കാലിക സ്റ്റേ പുറപ്പെടുവിപ്പിക്കുകയും നിർമ്മാണ പ്രവർത്തികൾ നിർത്തിവെക്കാൻ ആവിശ്യപെടുകയും ചെയ്തു. നിലവിൽ ഇപ്പോൾ വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നില്ല.
400 ഏക്കർ ഭൂമി സർക്കാർ ഭൂമിയാണെന്നും, ഒരു ഏക്കർ ഭൂമിപോലും സർവകലാശാലയിൽ നിന്നും കയ്യേറിയിട്ടില്ലെന്നും രേവന്ത് റെഡ്ഢി മാധ്യമങ്ങളോട് പറഞ്ഞു. ഈ ഭൂമി വനഭൂമിയായി വിജ്ഞാപനം ചെയ്തിട്ടില്ലെന്നും റവന്യൂ ഭൂമിയാണെന്നാണ് സർക്കാർ നിലപാടെന്നും നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

