രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം; 2028ൽ തെലങ്കാനയിൽ 90 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്
text_fieldsരേവന്ത് റെഡ്ഡി
ഹൈദരാബാദ്: 2028ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ കോൺഗ്രസ് തുടർഭരണം നേടുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാൻ പ്രവർത്തിക്കണമെന്നും അദ്ദേഹം പാർട്ടി നേതാക്കളോട് ആഹ്വാനം ചെയ്തു.119 അംഗ നിയമസഭയിൽ 90 സീറ്റുകളും ഒരു കോടി വോട്ടുകളും നേടുകയാണ് പാർട്ടിയുടെ ലക്ഷ്യമെന്നും കോൺഗ്രസ് വീണ്ടും അധികാരത്തി 2034 വരെ സംസ്ഥാനത്ത് ഭരണം തുടരുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
ഞായറാഴ്ച ഹൈദരാബാദിലെ ഗാന്ധിഭവനിൽ ചേർന്ന തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വിപുലീകരിച്ച എക്സിക്യൂട്ടിവ് യോഗത്തിലായിരുന്നു പ്രഖ്യാപനം. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 92.35 ലക്ഷം വോട്ടുകളും 64 സീറ്റുകളുമാണ് ലഭിച്ചത്. സഖ്യകക്ഷിയായ സി.പി.ഐ ഒരു സീറ്റിലും വിജയിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ വോട്ടുകളുടെ എണ്ണം ഒരു കോടിയിലെത്തിക്കാനും സീറ്റുകൾ 90 ആയി ഉയർത്താനുമാണ് ലക്ഷ്യമിടുന്നത്.
പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും പ്രവർത്തനങ്ങൾ നേതൃത്വം നിരീക്ഷിക്കുന്നുണ്ടെന്ന് രേവന്ത് റെഡ്ഡി മുന്നറിയിപ്പ് നൽകി. പൊതുവേദികളിൽ സർക്കാരിനെ വിമർശിക്കുന്നതും പാർട്ടിക്കുള്ളിൽ ഭിന്നത പരസ്യമായി പ്രകടിപ്പിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് വേണ്ടി താഴെത്തട്ടിൽ പ്രവർത്തിക്കുന്നവർക്കാണ് അംഗീകാരവും സ്ഥാനങ്ങളും ലഭിക്കുകയെന്നും നേതാക്കൾ പദവികൾക്കായി ഡൽഹിയിലും ഗാന്ധിഭവനിലും കയറിയിറങ്ങുന്നതിനു പകരം ഗ്രാമങ്ങളിലേക്കും ആദിവാസി മേഖലകളിലേക്കും പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൃഷ്ണ, ഗോദാവരി നദീജല തർക്കങ്ങളിൽ തെറ്റായ പ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ബി.ആർ.എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ തെലങ്കാനയിലെ 17 ലോക്സഭാ സീറ്റുകളിൽ 15 എണ്ണം നേടാനും കോൺഗ്രസ് ലക്ഷ്യമിടുന്നുണ്ട്.

