ട്രംപിന്റെ താരിഫിനു പിന്നാലെ യു.എസിൽനിന്ന് ആയുധം വാങ്ങൽ ഇന്ത്യ നിർത്തിവെച്ചുവെന്ന് ‘റോയിട്ടേഴ്സ്’; വാർത്ത നിഷേധിച്ച് കേന്ദ്രം
text_fieldsന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധിക തീരുവക്കു പിന്നാലെ അമേരിക്കയിൽ നിന്ന് പുതിയ ആയുധങ്ങൾ വാങ്ങുന്നത് ഇന്ത്യ താൽക്കാലികമായി നിർത്തിവെക്കാൻ പദ്ധതിയിടുന്നുവെന്ന ‘റോയിട്ടേഴ്സി’ന്റെ വാർത്ത നിഷേധിച്ച് പ്രതിരോധ മന്ത്രാലയം.
പ്രസിഡന്റ് ട്രംപ് കയറ്റുമതിക്ക് ഏർപ്പെടുത്തിയ താരിഫ് പതിറ്റാണ്ടുകളിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയതിനെ തുടർന്ന് അതൃപ്തിയുടെ ആദ്യ സൂചനയായി യു.എസിന്റെ ആയുധങ്ങളും യുദ്ധവിമാനങ്ങളും വാങ്ങാനുള്ള പദ്ധതികൾ ഇന്ത്യ നിർത്തിവച്ചതായി ‘റോയിട്ടേഴ്‌സ്’ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ, പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചുവെന്ന വാർത്തകൾ തെറ്റായതും കെട്ടിച്ചമച്ചതുമാണെന്നാണ് പ്രതിരോധ മന്ത്രാലയ വൃത്തങ്ങളുടെ പ്രതികരണം. നിലവിലുള്ള നടപടിക്രമങ്ങൾക്കനുസൃതമായി വിവിധ വാങ്ങൽ നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രാലയം പറയുന്നു.
വാങ്ങലുകൾ താൽക്കാലികമായി നിർത്താൻ രേഖാമൂലമുള്ള നിർദേശങ്ങൾ നൽകിയിട്ടില്ലെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ‘ഇന്ത്യക്ക് വേഗത്തിൽ ഗതി മാറ്റാനുള്ള വഴികൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അതിനുള്ള നീക്കമില്ല’ എന്നും ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു. അതേസമയം, റോയിട്ടേഴ്‌സിന്റെ ചോദ്യങ്ങൾക്ക് ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയവും പെന്റഗണും പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
‘ജനറൽ ഡൈനാമിക്സ് ലാൻഡ് സിസ്റ്റംസ്’ നിർമിച്ച സ്ട്രൈക്കർ യുദ്ധ വാഹനങ്ങളും, ജാവലിൻ ആന്റി ടാങ്ക് മിസൈലുകളും വാങ്ങുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ താരിഫ് കാരണം ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചതായാണ് റോയിട്ടേഴ്‌സ് ആദ്യം റിപ്പോർട്ട് ചെയ്തത്. ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫെബ്രുവരിയിൽ അത്തരം ആയുധങ്ങളുടെ സംഭരണവും സംയുക്ത ഉൽപ്പാദനവും തുടരാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെ വരും ആഴ്ചയിൽ വാഷിങ്ടണിലേക്ക് അയക്കാൻ ഇന്ത്യ പദ്ധതിയിട്ടിരുന്നുവെന്നും എന്നാൽ ആ യാത്ര റദ്ദാക്കിയയെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുകയുണ്ടായി.
ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള ശിക്ഷയായാണ് കഴിഞ്ഞ ദിവസം ട്രംപ് ഇന്ത്യൻ ഉൽന്നങ്ങൾക്ക് 25ശതമാനം അധിക തീരുവ ചുമത്തിയത്. .ഇത് ഇന്ത്യൻ കയറ്റുമതിയുടെ മൊത്തം തീരുവ 50ശതമാനം ആയി ഉയർത്തി. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് രാജ്യം ധനസഹായം നൽകുന്നുവെന്നാണ് ട്രംപിന്റെ വാദം. ബ്രസീൽ ഒഴികെ യു.എസിന്റെ ഏതൊരു വ്യാപാര പങ്കാളിയേക്കാളും ഉയർന്നതാണ് നിലവിൽ ഇന്ത്യക്കുമേലുള്ള താരിഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

