ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വജ്ര വ്യവസായി നീരവ് മോദിക്ക് അനുകൂലമായി യു.കെ കോടതിയിൽ മൊഴിനൽകാൻ മുൻ സുപ്രീംകോടതി ജഡ്ജിയും പ്രസ് കൗൺസിൽ ചെയർമാനുമായ മാർകണ്ഡേയ കട്ജു. വീഡിയോ കോൺഫറൻസിലൂടെ യു.കെ കോടതിയിൽ മൊഴി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കേസിൻെറ മെറിറ്റിലേക്ക് ഇപ്പോൾ കടക്കുന്നില്ല. നീരവ് മോദിക്ക് ഇന്ത്യയിൽ നീതികിട്ടില്ലെന്നും കട്ജു വ്യക്തമാക്കി.
നീരവ് മോദിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ നൽകിയ ഹരജിയിലായിരിക്കും കട്ജു മൊഴി നൽകുക. എഴുതി തയാറാക്കിയ പ്രസ്താവന കോടതിയുടെ മുമ്പാകെ നേരത്തെ തന്നെ സമർപ്പിച്ചിട്ടുണ്ടെന്നും കട്ജു പറഞ്ഞു. നീരവ് മോദിക്ക് ഇന്ത്യയിൽ നീതി കിട്ടില്ല. ഇന്ത്യൻ മാധ്യമങ്ങൾ നീരവിന് ഇപ്പോൾ തന്നെ ശിക്ഷ വിധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രനിയമമന്ത്രി രവിശങ്കർ പ്രസാദ് വാർത്താസമ്മേളനത്തിൽ നീരവ് മോദിയെ കുറ്റവാളിയെന്നാണ് വിശേഷിപ്പിച്ചത്. കോടതി ഒരാളെ ശിക്ഷിക്കാതെ അയാളെങ്ങനെ കുറ്റവാളിയാകും. ഈയൊരു സാഹചര്യത്തിൽ സ്വതന്ത്ര്യവും നിഷ്പക്ഷവുമായ വിചാരണ നീരവ് മോദിക്ക് ലഭിക്കില്ലെന്നും കട്ജു പറഞ്ഞു.