ഓൺലൈൻ വഴി മദ്യം വാങ്ങിയ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥക്ക് നഷ്ടമായത് രണ്ടു ലക്ഷം
text_fieldsഗുരുഗ്രാം: ഓൺലൈൻ വഴി മദ്യം ഓർഡർ ചെയ്ത മുൻ ഐ.എ.എസ് ഉദ്യോഗസ്ഥക്ക് നഷ്ടമായത് രണ്ട് ലക്ഷം രൂപ. സുശാന്ത് ലോക് നിവാസിയായ സൊഹ്‌റ ചാറ്റർജിക്കാണ് പണം നഷ്ടപ്പെട്ടത്. മദ്യം ഓർഡർ ചെയ്തതിനു പിന്നാലെ ഫോൺ കോൾ വന്നു.ക്രെഡിറ്റ് കാർഡ് നമ്പറും ഒ.ടി.പിയും ആവശ്യപ്പെട്ടതനുസരിച്ച് വിവരങ്ങൾ കൈമാറി. ഉടൻ തന്നെ അക്കൗണ്ടിൽ നിന്നു പണം പിൻവലിച്ചതായി സന്ദേശവും ലഭിച്ചു. അപ്പോഴാണ് തട്ടിപ്പിന് ഇരയായത് ശ്രദ്ധയിൽപെടുന്നത്.
വീട്ടിൽ വിരുന്ന് സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞയാഴ്ചയാണ് സൊഹ്‌റ ചാറ്റർജി ഒരു വെബ്സൈറ്റ് വഴി മദ്യത്തിന് ഓർഡർ ചെയ്തത്. വിരുന്നുകാരെ സ്വീകരിക്കാനുള്ള തിരക്കിൽ ഫോൺവിളിച്ച ആളെ വിശ്വാസത്തിലെടുത്ത് നമ്പറുകൾ നൽകുകയായിരുന്നെന്ന് അവർ പറഞ്ഞു. ആദ്യം അക്കൗണ്ടിൽ നിന്നു 630 രൂപ പിൻവലിച്ചതായി സന്ദേശം ലഭിച്ചു. പിന്നീടാണ് 192477 രൂപ പിൻവലിച്ചതായുള്ള സന്ദേശം ലഭിച്ചത്.
നേരത്തെയും നിരവധി പേർ ഇതേ വെബ്‌സൈറ്റ് വഴി കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വിരമിച്ച ഐ.എ.എസ് ഓഫിസറുടെ പരാതിയിൽ അന്വേഷണം നടക്കുകയാണെന്നും തട്ടിപ്പിനുപയോഗിച്ച ഫോൺ നമ്പർ പരിശോധിച്ചു വരികയാണെന്നും സൈബർ പൊലീസ് ഓഫിസർ ബിജെന്ദർ കുമാർ പറഞ്ഞു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പുകളായ 419, 420 എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതതായും അദ്ദേഹം വ്യക്തമാക്കി.