ചില്ലറ പണപ്പെരുപ്പം 4.45 ശതമാനമായി
text_fieldsന്യൂഡൽഹി: ഉപഭോക്തൃ വില സൂചിക അടിസ്ഥാനത്തിലുള്ള രാജ്യത്തെ ചില്ലറ പണപ്പെരുപ്പം ജൂലൈയിൽ 4.45 ശതമാനമായി ഉയർന്നു. ജൂണിൽ ഇത് 4.38 ശതമാനമായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ വർധനയാണ് പണപ്പെരുപ്പം ഉയരാൻ പ്രധാന കാരണം. ദേശീയ സ്ഥിതിവിവര ഓഫിസ് (എൻ.എസ്.ഒ) ബുധനാഴ്ച പുറത്തുവിട്ട ഉപഭോക്തൃ വില സൂചിക കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഭക്ഷ്യ പണപ്പെരുപ്പം ജൂണിലെ 5.32 ശതമാനത്തിൽനിന്ന് ജൂലൈയിൽ 5.52 ശതമാനമായി ഉയർന്നു.
ഇതോടെ തുടർച്ചയായ രണ്ടാം മാസവും ചില്ലറ പണപ്പെരുപ്പം നാല് ശതമാനമെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലക്ഷ്യത്തിന് മുകളിലായി. അതേസമയം, പണപ്പെരുപ്പം ആർ.ബി.ഐ നിശ്ചയിച്ച 2-6 ശതമാനം പരിധിക്കുള്ളിൽതന്നെയാണ്. വിലക്കയറ്റം വർധിച്ചെങ്കിലും ഉടൻ പലിശനിരക്കിൽ മാറ്റം വരുത്താൻ ഇത് മതിയായ കാരണമാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഭക്ഷ്യവിലകളിലെ സമ്മർദം തുടർന്നാൽ വരുംമാസങ്ങളിൽ പണപ്പെരുപ്പം വീണ്ടും ഉയരാനുള്ള സാധ്യതയുണ്ടെന്നും വിലയിരുത്തലുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

